
തിരുവനന്തപുരം: ഈ മാസം 10നു മുമ്പ് ശമ്പളവിതരണം സാദ്ധ്യമാക്കാൻ കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് തീവ്രശ്രമം തുടങ്ങി. ഇതുവരെ കൈയിലുള്ളത് സർക്കാർ നൽകിയ 30 കോടി രൂപ മാത്രമാണ്. 20 കോടി കൂടി സർക്കാരിൽനിന്ന് നേടിയെടുക്കുകയും 50 കോടി രൂപ ഒാവർ ഡ്രാഫ്ടായി നേടി ശമ്പള വിതരണവും മറ്റ് ചെലവുകളും നടത്തി മുന്നോട്ടു പോവുകയാണ് ലക്ഷ്യം.അധിക സഹായം നേടിയെടുക്കണമെങ്കിൽ ഗതാഗത മന്ത്രിയുടെ പിന്തുണകൂടി വേണം. ഗതാഗതമന്ത്രി ആന്റണി രാജു വൈറൽ പനി ബാധിച്ച് വിശ്രമത്തിലാണ്. ഒ.ഡി എടുക്കണമെങ്കിൽ നേരത്തെ എടുത്ത ഒ.ഡി അടച്ചുതീർക്കണം. ഇതൊന്നും നടന്നില്ലെങ്കിൽ മറ്റ് ചെലവുകൾ മാറ്റിവച്ച് വരും നാളുകളിലെ കളക്ഷൻ ശമ്പള വിതരണത്തിനായി ഉപയോഗിക്കണം. അതിനിടെ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ തൊഴിലാളി സംഘടനകളെല്ലാം സമരം കടുപ്പിച്ചിരിക്കുകയാണ്.