sreejith

തിരുവനന്തപുരം:കെ.എസ്.ആർ.ടി.സി ഡ്രൈവറെ ഡ്യൂട്ടിക്കിടെ ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടി.നരുവാമൂട് അഹല്യ മന്ദിരത്തിൽ ശ്രീജിത്ത് പണിക്കരെയാണ് (27) നേമം പൊലീസ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ ഏപ്രിൽ 24നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.വിഴിഞ്ഞം-പളളിച്ചൽ-കിഴക്കേകോട്ട റൂട്ടിലെ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ ഷാജിയെയാണ് പ്രതി ആക്രമിച്ചത്.നേമം പോസ്റ്റോഫീസിന് അടുത്തുളള ബസ് സ്റ്റോപ്പിൽ ബസ് ഒതുക്കി നിറുത്തിയ സമയം അതുവഴി സ്‌കൂട്ടറിൽ വരികയായിരുന്ന പ്രതി ശ്രീജിത്ത് ഡ്രൈവറുമായി വാക്ക് തർക്കത്തിലേർപ്പെടുകയും തുടർന്ന് കണ്ണിലും മൂക്കിലും ചെവിയിലും ഇടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു.സംഭവത്തിന് ശേഷം ഒളിവിലായ പ്രതിയെ ഫോർട്ട് എ.സി.പി ഷാജിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നേമം എസ്.എച്ച്.ഒ രഗീഷ് കുമാറിന്റെ നേതൃത്വത്തിലുളള സംഘം പിടികൂടുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ ശ്രീജിത്തിനെ റിമാൻഡ് ചെയ്‌തു.