
തിരുവനന്തപുരം: സ്വത്ത് മുഴുവൻ എഴുതി വാങ്ങിയിട്ട് ചവിട്ടി പുറത്താക്കുന്ന മക്കൾക്കെതിരെ കേസിനു പോകാൻ പണമില്ലെന്ന കാരണത്താൽ ഇനി അച്ഛനും അമ്മയും പിന്തിരിയേണ്ട . മെയിന്റനൻസ് ട്രൈബ്യൂണലിൽ കേസ് വാദിക്കാൻ അഭിഭാഷകർ പാടില്ലെന്ന പരിഷ്കാരം നടപ്പിലാക്കുകയാണ് സർക്കാർ.
കേരളത്തിൽ മാതാപിതാക്കളെ ശാരീരികമായും മാനസികമായും ദ്രോഹിക്കുന്ന കേസുകളുടെ വർദ്ധനവിനെ തുടർന്നാണ് , മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണ നിയമ ചട്ടങ്ങളിൽ ചില മാറ്റങ്ങൾ വരുത്താനുള്ള കരട് നിർദ്ദേശം സാമൂഹിക നീതി വകുപ്പ് തയാറാക്കിയത്. മറ്റ് ട്രൈബ്യൂണലുകളിൽ ഹാജാരാകാനുള്ള അവകാശം ചൂണ്ടിക്കാട്ടി അഭിഭാഷകർ മെയിന്റനൻസ് ട്രൈബ്യൂണലിലും ഹാജരാകുന്നതിനാൽ കേസ് വർഷങ്ങൾ നീണ്ടുപോകുന്നുവെന്ന പരാതികളും വ്യാപകമാണ്.ഇതോടൊപ്പം, സ്വത്തെഴുതി നൽകിയ ശേഷം മാതാപിതാക്കളെ മക്കൾ സംരക്ഷിച്ചില്ലെങ്കിൽ സ്വത്ത് തിരിച്ചെടുക്കാമെന്ന വ്യവസ്ഥ എഴുതിച്ചേർക്കണമെന്ന നിബന്ധനയും ഒഴിവാക്കും. സ്വത്ത് നൽകുമ്പോൾ അത്തരമൊരു വ്യവസ്ഥ വച്ചില്ലെങ്കിലും
പ്രശ്നമില്ല.
നിലവിൽ , സംരക്ഷിച്ചില്ലെങ്കിൽ തിരിച്ചെടുക്കുമെന്ന വ്യവസ്ഥയോടെ രജിസ്റ്റർ ചെയ്യുന്ന വസ്തുവകകൾ മാത്രമേ തിരിച്ചെടുക്കാനാവൂ. കഴിഞ്ഞ ദിവസം പത്തനാപുരത്ത് സാമ്പത്തിക തർക്കത്തെ തുടർന്ന് പാലപ്പള്ളിൽ വീട്ടിൽ ലീലാമ്മയെ മകൾ ലീന കെട്ടിയിട്ട് മർദ്ദിച്ചതും ,പേരാവൂരിൽ സ്വത്തിന് വേണ്ടി ചൗള നഗറിലെ പാപ്പച്ചിയെ മകൻ എടാട്ട് മാർട്ടിൻ ഫിലിപ്പ് ക്രൂരമായി മർദ്ദിച്ചതും നാടിനെ നടുക്കിയിരുന്നു. തീർപ്പാകാതെ കിടന്നതുൾപ്പെടെ 8121 കേസുകളാണ് മാതാപിതാക്കളെ സംരക്ഷിക്കാത്തതുമായി ബന്ധപ്പെട്ട് കേരളത്തിൽ നിലവിലുള്ളത്.