dam

കാട്ടാക്കട: കള്ളിക്കാട് മൈലക്കര അങ്കണവാടിക്ക് മുന്നിലെ റോഡ് ഇടിഞ്ഞു താണു. റോഡരുകിലെ കുളത്തിന് സമാന്തരമായി നിർമ്മിച്ച സൈഡ് വാൾ ഇടിഞ്ഞതാണ് റോഡ് തകർച്ചയ്ക്കിടയാക്കിയത്. മൈലക്കര അങ്കണവാടി, നെയ്യാർഡാം ഫയർസ്റ്റേഷൻ എന്നിവിടങ്ങളിലേയ്ക്ക് പോകുന്ന റോഡരികാണ് തകർന്നത്.

അങ്കണവാടിക്ക് മുന്നിലായി 10 മീറ്റർ പോലും അകലമില്ലാത്ത ദൂരത്തിലാണ് കുളം. അങ്കണവാടി ജീവനക്കാർ ജാഗ്രതയോടെയാണ് കുട്ടികളെ കൈകാര്യം ചെയ്യുന്നത്.
കുളത്തിന്റെ സംരക്ഷണഭിത്തി തകർന്നതോടെയാണ് റോഡ് ഇടിഞ്ഞ് താണത്. കുളത്തിന്റെ സംരക്ഷണഭിത്തി നിർമ്മാണത്തിലെ ക്രമക്കേടാണ് തകർച്ചയ്ക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. കുളത്തിന്റെ സൈഡ് വാൾ നിർമ്മാണ ഘട്ടത്തിൽ തന്നെ നിർമ്മാണത്തിലെ പിഴവ് ചൂണ്ടികാട്ടിയിരുന്നെങ്കിലും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.