kidk

തിരുവനന്തപുരം: ജലവിഭവ വകുപ്പിന് കീഴിലെ കേരള ഇറിഗേഷൻ ഇൻഫ്രാസ്‌ട്രെക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കിഡ്ക്)​ 2021-22ൽ 90.31 ലക്ഷം രൂപ ലാഭം നേടി. 2020- 21ൽ 2.02 കോടി രൂപ നഷ്ടത്തിലായിരുന്നുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

ആകെ വരുമാനം 5.24 കോടി രൂപയിൽ നിന്ന് 9.91 കോടിയിലെത്തി. പാലക്കാട്ടെ കരടിപ്പാറ കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പദ്ധതി ഉൾപ്പെടെ 11.8 കോടി രൂപയുടെ പദ്ധതികൾ കഴിഞ്ഞവർഷം പൂർത്തിയാക്കി. 1,970.37 കോടി രൂപയുടെ പദ്ധതികളാണ് നിലവിൽ കിഡ്ക് നടപ്പാക്കുന്നത്. ചെല്ലാനത്ത് 256 കോടി രൂപ മുതൽമുടക്കിലും അമ്പലപ്പുഴയിൽ 78 കോടി ചെലവിലും നിർമ്മിക്കുന്ന പുലിമുട്ടുകളുടെയും കടൽഭിത്തികളുടെയും നിർമ്മാണം ഈ വ‍ർഷം നടപ്പാക്കും.

കുറ്റിപ്പുറം കാങ്കക്കടവിൽ 125 കോടി രൂപയുടെ റെഗുലേറ്റർ കം ബ്രിഡ്ജ് ഉൾപ്പെടെ 530 കോടി രൂപയുടെ പുതിയ പദ്ധതികൾക്ക് കഴിഞ്ഞവർഷം അനുമതി ലഭിച്ചിരുന്നു. 874 കോടിയുടെ പദ്ധതികൾക്ക് ഈ വർഷം പുതുതായി അനുമതി ലഭിക്കും. കിഡ്കിന്റെ കുപ്പിവെള്ളമായ ഹില്ലി അക്വയുടെ വില്പനയിലൂടെ ഈവർഷം 10 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു.