തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി.ഇന്നലെ വൈകുന്നേരം ആറ് മണിയോടെ പ്രകടനമായെത്തിയ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് രണ്ട് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗിച്ചതിൽ പ്രതിഷേധിച്ച് പൊലീസിന് നേരെ പ്രവർത്തകരുടെ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.സംഘർഷം കനത്തതോടെ പൊലീസ് പ്രവർത്തകർക്ക് നേരെ ലാത്തിചാർജ് നടത്തി. ലാത്തി ചാർജിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിൽസൺ റോബിൻസന് പരിക്കേറ്റു.തുടർന്ന് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. കോൺസുലേറ്റിലൂടെ ബിരിയാണി ചെമ്പ് വഴി ഡോളർ കടത്തി എന്ന മൊഴിയുടെ പശ്ചാത്തലത്തിൽ ബിരിയാണി ചെമ്പുമായാണ് മാർച്ച് നടത്തിയത്.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോടിന്റെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. എം ബാലു, സെക്രട്ടറിമാരായ ഷജീർ നേമം,അരുൺ എസ്.പി, നിർവാഹക സമിതി അംഗങ്ങളായ ശംഭു പാൽകുളങ്ങര,ടി.ആർ രാജേഷ്,കെ.എഫ് ഫെബിൻ,രജിത് രവീന്ദ്രൻ,ജില്ലാ ഭാരവാഹികളായ ഹാഷിം റഷീദ്,ഷാജി മലയിൻകീഴ്,അഫ്സൽ ബാലരാമപുരം,അബീഷ് മണക്കാട്, ഷമീർ ഷാ,അഭിജിത് എസ്.കെ,പ്രഷോബ്,മാഹീൻ പഴഞ്ചിറ,പ്രതീഷ് മുരളി,വിപിൻ ലാൽ തുടങ്ങിയവർ പങ്കെടുത്തു.