തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ നേരിയ സംഘർഷം. സെക്രട്ടേറിയറ്റിന് മുന്നിലെ ബാരിക്കേടുകൾ മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ രണ്ട് പ്രാവശ്യം ജലപീരങ്കി പ്രയോഗിച്ചു.ഇതിനിടയിൽ ഗേറ്റിനു മുകളിൽ കയറിയ യുവമോർച്ച ജില്ലാ ട്രഷറർ ചൂണ്ടിക്കൽ ഹരിയെ പൊലീസുകാരൻ വലിച്ചു താഴെയിട്ടു. ഇതോടെ രോഷാകുലരായ യുവമോർച്ച പ്രവർത്തകർ പൊലീസുകാരന് നേരെ പാഞ്ഞടുത്തു. ഉയർന്ന പൊലീസുദ്യോഗസ്ഥർ വളരെ പണിപ്പെട്ടാണ് പ്രവർത്തകരെ നിയന്ത്രിച്ചത്. യുവമോർച്ച ജില്ലാ ട്രഷററെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് പ്രവർത്തകർ എം.ജി റോഡ് ഉപരോധിച്ചു.തുടർന്ന് സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പിണറായി വിജയന്റെ കോലം കത്തിച്ചു.അര മണിക്കൂറോളം റോഡ് ഉപരോധം തുടർന്നു.യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എൽ അജേഷ്,ജില്ലാ പ്രസിഡന്റ് ആർ.സജിത്ത്,വൈസ് പ്രസിഡന്റ് പൂവച്ചൽ അജി,സെക്രട്ടറിമാരായ ശ്രീജിത്ത്,വിഞ്ജിത്ത്,ആനന്ദ്,കോർഡിനേറ്റർ കവിത ജില്ലാ കമ്മിറ്റിയംഗം രമ്യ,സംസ്ഥാന കമ്മിറ്റിയംഗം രുദ്രവീണ,കരുമം വിഷ്‌ണു, പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.റോഡ് ഉപരോധിച്ച നേതാക്കളെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.മുസ്ളിംലീഗും പി.ഡി.പിയും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി.രാത്രി വൈകി എ.ബി.വി.പിയും മാർച്ച് സംഘടിപ്പിച്ചു.