
മലയിൻകീഴ്: മലയിൽ- പേയാട് റോഡിലൂടെയുള്ള യാത്രയിൽ വാഹന-കാൽ നടക്കാരുടെ കണ്ണൊന്നുതെറ്റിയാൽ അപകടം ഉറപ്പാണ്.
മലയിൻകീഴ് ജംഗ്ഷനിലും ട്രഷറി റോഡ് ആരംഭിക്കുന്നിടത്തും വൻകുഴികൾ രൂപപ്പെട്ട് അപകടക്കെണിയായി തീർന്നിട്ട് മാസങ്ങൾ കഴിഞ്ഞു. റോഡിലെ മെറ്റൽ ഇളകി കുണ്ടും കുഴിയുമായി തീർന്ന റോഡ് മഴക്കാലമായാൽ തിരിച്ചറിയാനാകാത്തവിധം ആറായി മാറും. വൻ കുഴികളിൽ ഇരുചക്രവാഹനങ്ങൾ അകപ്പെട്ട് അപകടമുണ്ടാകുന്നത് ഇവിടെ പതിവായിട്ടുണ്ട്. മലയിൻകീഴ്, പേയാട് ജംഗ്ഷനുകളിൽ ഏത് സമയത്തും ഗതാഗതക്കുരുക്കാണ്. ഇതുവഴി അപകടകടമ്പ കഴിഞ്ഞ് പോകണമെങ്കിൽ മണിക്കൂറുകളെടുക്കും. സ്കൂൾ തുറന്നതോടെ മലയിൻകീഴ് ജംഗ്ഷനിൽ രാവിലെയും വൈകുന്നേരങ്ങളിലും നിയന്ത്രിക്കാനാകാത്തവിധം ഗതാഗതക്കുരുക്കും തിരക്കുമാണ്. നിയന്ത്രിക്കാൻ ഒരു ഹോം ഗാർഡ് മാത്രമേ ഉണ്ടാകാറുള്ളൂ. ഈ ഒരു ഗാർഡിന് പലപ്പോഴും ഒറ്റയ്ക്ക് ഇവിടത്തെ തിരക്ക് നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയാണ്.
പ്രധാന കാരണം വീതി കുറവ്
പേയാട്, മലയിൻകീഴ് ജംഗ്ഷനുകളിലെ ഗതാഗതക്കുരുക്ക് യാത്രക്കാർ അനുഭവിക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ കഴിഞ്ഞു. മലയിൻകീഴ് ജംഗ്ഷനിലെ റോഡ് വീതി കുറവാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. മലയിൻകീഴ് ജംഗ്ഷനുൾപ്പെട്ട റോഡ് തകർന്നിട്ടും അറ്റകുറ്റപ്പണികൾ ചെയ്യാതെ കുഴികളിൽ ടാർ പായ്ക്കറ്റ് കൊണ്ടിട്ടും മണ്ണ് കോരിഇട്ടും കുഴി അടച്ചെങ്കിലും തൊട്ട് പിന്നാലെ പെയ്ത മഴയിലും പൈപ്പ് പൊട്ടി വെള്ളം പാഞ്ഞും റോഡ് പഴയതിനെക്കാൾ കുഴികളായി തീർന്നിട്ടുണ്ട്.
ഫണ്ട് വന്നു, എന്നിട്ടും...
യാത്രക്കാരുടെ ജീവന് ഭീഷണിയായ മലയിൻകീഴ്-പേയാട് റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെയുള്ളവർ അധികൃതർക്ക് നൽകിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായിട്ടില്ല. മലയിൻകീഴ്,പേയാട്, കാട്ടാക്കട ജംഗ്ഷനുകൾ നവീകരിച്ച് റിംഗ് റോഡുകൾ നിർമ്മിക്കുന്നതിന് 400 കോടി രൂപ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയതായി ഐ.ബി.സതീഷ്.എം.എൽ.എ അറിയിച്ചിരുന്നെങ്കിലും നവീകരണ പ്രവർത്തനങ്ങൾ മാത്രമുണ്ടായില്ല. ജനങ്ങൾ ഇപ്പോഴും ജീവൻ പണയപ്പെടുത്തി പോകേണ്ട ഗതികേടിലാണ്.