വിതുര: അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തിച്ച ചൂര മീൻ വാങ്ങിക്കഴിച്ച നിരവധി പേർക്ക് വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ടതായി പരാതി. ആന്ധ്രാപ്രദേശ്, തൂത്തുക്കുടി എന്നിവിടങ്ങളിൽ നിന്ന് കൊണ്ടുവന്ന വലിയ ചൂരമീൻ കഴിച്ച വിതുര, തൊളിക്കോട് പഞ്ചായത്തിലെ കുട്ടികളടക്കം അനവധി പേർക്കാണ് വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ടത്.
ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. അടുത്തിടെ വിതുരയിൽ വിറ്റ വലിയ ചൂരമീൻ മുറിച്ചപ്പോൾ പുഴുവിനെ കണ്ടിരുന്നു. പഴകിയ മത്സ്യം വിപണനം നടത്തുന്നവരെ പിടികൂടാൻ ബന്ധപ്പെട്ടവർ ശ്രമിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. വ്യാപാരി വ്യവസായി ഏകോപനസമിതി വിതുര യൂണിറ്റ് പ്രസിഡന്റ് എം.എസ്.രാജേന്ദ്രൻ ഇതു സംബന്ധിച്ച് ഫുഡ് സേഫ്റ്റി ഇൻസ്പെക്ടർക്ക് പരാതി നൽകി. പഴകിയ മത്സ്യം വിൽക്കുന്നവരെ പിടികൂടണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി വിതുര യൂണിറ്റ് ഭാരവാഹികൾ ആവശ്യപ്പെട്ടു. അടിയന്തരനടപടികൾ സ്വീകരിച്ചില്ലെങ്കിൽ സമരം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.