
തിരുവനന്തപുരം:പൂട്ടിക്കിടക്കുന്ന പാലക്കാട് ചിറ്റൂർ മലബാർ ഡിസ്റ്റിലറിയിൽ ഇന്ത്യൻ വിദേശ മദ്യം ഉത്പാദിപ്പിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകി. ഇതിനായി 20 കോടി ചെലവിൽ അഞ്ച് ലൈൻ കോമ്പൗണ്ടിംഗ് ബ്ലെൻഡിംഗ് ആൻഡ് ബോട്ട്‌ലിംഗ് യൂണിറ്റ് സ്ഥാപിക്കും. ബിവറേജസ് കോർപ്പറേഷന്റെ ഫണ്ടാണ് ഉപയോഗിക്കുന്നത്.
ഇവിടെ ഉത്പാദനം തുടങ്ങുന്നതോടെ വിലകുറഞ്ഞ മദ്യത്തിന്റെ ക്ഷാമം ഒരു പരിധി വരെ പരിഹരിക്കും. 'മലബാർ ബ്രാൻഡി' എന്ന പേരാണ് പരിഗണനയിൽ. സർക്കാർ സ്ഥാപനമായ കിറ്റ്‌കോയാണ് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിയത്. മന്ത്രിസഭ അംഗീകരിച്ചതിനാൽ പ്ലാന്റ് നിർമ്മാണം ഉടൻ തുടങ്ങിയേക്കും. പ്രതിദിനം 15,000 കെയ്‌സ് ബ്രാൻഡി നിർമ്മിക്കുകയാണ് ലക്ഷ്യം. തുടക്കത്തിൽ അത്രയും ഉണ്ടാവില്ല. കരിമ്പ് ദൗർലഭ്യം മൂലം പഞ്ചസാര ഉത്പാദനം നിലച്ചപ്പോഴാണ് മലബാർ ഡിസ്റ്റിലറീസ് (ചിറ്റൂർ ഷുഗർ മില്ല് ) സർക്കാർ ഏറ്റെടുത്തത്.
തിരുവല്ല വളഞ്ഞവട്ടത്ത് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലാണ് പൊതുമേഖലയിൽ ഇപ്പോൾ മദ്യം നിർമ്മിക്കുന്നത്. ഇവിടെ ഉത്പാദിപ്പിക്കുന്ന ജവാൻ റം വിലകുറഞ്ഞതും ജനപ്രിയവുമാണ്. ഇതിന്റെ ചുവട് പിടിച്ചാണ് മലബാർ ഡിസ്റ്റിലറീസും മദ്യനിർമ്മാണത്തിലേക്ക് കടക്കുന്നത്.
110 ഏക്കർ
മലബാർ
ഡിസ്റ്റിലറീസിന്റെ സ്ഥലം
100 പേർക്ക് തൊഴിൽ സാദ്ധ്യത
മദ്യ നിർമ്മാണം
തുടങ്ങുമ്പോൾ
20 കോടി:
പ്ലാന്റിന്റെ ചെലവ്