dogs

തിരുവനന്തപുരം:ചരിത്രത്തിലാദ്യമായി വിയ്യൂർ അതിസുരക്ഷാ ജയിൽ വളപ്പിലെ ഒമ്പത് മാസത്തെ കഠിന പരിശീലനം പൂർത്തിയാക്കി ഒന്നര വയസുകാരായ ടെസയും ബ്രൂണോയും തിരുവനന്തപുരം സെൻട്രൽ ജയിലിൽ ചാർജെടുത്തു. ലാബ്രഡോർ റിട്രീവർ ഇനത്തിൽപ്പെട്ട ഇവയെ പരിപാലിക്കാനും ഡ്യൂട്ടികൾ നൽകാനും എട്ട് ഉദ്യോഗസ്ഥാരാണുള്ളത്.ലഹരി വസ്തുക്കളുൾപ്പെടെ നിരോധിത സാധനങ്ങൾ മണത്ത് കണ്ടെത്താനും ജയിൽ ചാട്ടക്കാരെയും അതിക്രമിച്ചെത്തുന്നവരെയും പ്രതിരോധിക്കാനും പരിശീലനം സിദ്ധിച്ചയവാണ് ഇൗ കൗമാരക്കാർ.ഏഴ് നായ്ക്കളെ വരെ പാർപ്പിക്കാനുള്ള കെന്നലുകളും ജയിലിൽ സജ്ജമാക്കിയിട്ടുണ്ട്.സർവീസ് അധികമുള്ള റൂബിയും കെയ്‌റയും മൂന്ന് വയസ് പിന്നിട്ടു.ഇവയെ ആവശ്യമെങ്കിൽ ജില്ലയിലെ മറ്റ് ജയിലുകളിലേക്ക് കൊണ്ടുപോകാനും അനുമതിയുണ്ട്. സർപ്രൈസ് വിസിറ്റാകും നടത്തുക. അസമയത്ത് നിഴലനങ്ങിയാൽപ്പോലും കുരച്ച് ഹാന്റ്ലർമാർക്കും ജയിൽ വാ‌ർഡൻമാർക്കും മുന്നറിയിപ്പ് നൽകും. പൊലീസ് അക്കാഡമിയിലെ ട്രെയിനർ മധുരരാജയും ഡെപ്യൂട്ടി പ്രിസൺ ഓഫീസർ ആനന്ദ് രാജ് ആർ.എസും ചേർന്നായിരുന്നു ട്രെയിനിംഗ്.ആദ്യം നായ്ക്കളെ അട്ടക്കുളങ്ങര വനിതാ ജയിലേക്കാണ് നിശ്ചയിച്ചിരുന്നതെങ്കിലും സെൻട്രൽ ജയിലിൽത്തന്നെ നിലനിറുത്തുകയായിരുന്നു.

രാവിലെ 5 മുതൽ പട്രോളിംഗ്

രാവിലെ 5 മുതൽ ജയിൽ കോമ്പൗണ്ടിൽ ശ്വാനപ്പടയുടെ പട്രോളിംഗുണ്ടാവും. 20 മിനിട്ട് പരിശോധനകൾക്കു ശേഷം അരമണിക്കൂർ വിശ്രമം,വീണ്ടും 20 മിനിട്ട് പട്രോളിംഗ് എന്ന രീതിയിലാണ് ക്രമീകരണം. ലഹരി കണ്ടെത്തുന്നതിനു പുറമെ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ബാറ്ററിയും മറ്റും ഒളിപ്പിച്ച് കടത്തുന്നതും ഇവ കണ്ടെത്തും. അപരിചിതരുടെ സാന്നിദ്ധ്യം,​മറ്റ് അപായ ഭീഷണികൾ എന്നിവ കണ്ടെത്താനും പ്രത്യേക കഴിവാണ്.

ചെലവ്

നായ ഒന്നിന് പ്രതിദിനം 650 രൂപവരെ

ഭക്ഷണമായി പെഡിഗ്രിയും 250മില്ലി പാലും

ലാബ്രഡോർ റിട്രീവർ

കനേഡിയൻ നായ ഇനമാണ് ലാബ്രഡോർ റിട്രീവർ.കാനഡയിലെ ന്യൂഫൗണ്ട്ലാന്റാണ് ജന്മനാട്. പൊതുവെ ശാന്ത സ്വഭാവമുള്ളവയാണ്.ലോകത്തിലെ വിവിധ പൊലീസ് സേനകളിൽ ഇവയുടെ സാന്നിദ്ധ്യമുണ്ട്.പരിശീലനത്തിലൂടെ മികച്ച അനുസരണയുള്ളവയായി ഇവ മാറും. മണം പിടിക്കാനുള്ള കഴിവാണ് പൊലീസ് സേനകളിൽ ഇവയെ താരമാക്കുന്നത്.ശാരീരികക്ഷമതയിലും ലാബ്രഡോർ മുന്നിലാണ്.ആദ്യ കാലങ്ങളിൽ വേട്ടയ്ക്ക് ഉപയോഗിച്ചിരുന്ന ഇവ‌ മികച്ച നീന്തൽ വിദഗ്ദ്ധർ കൂടിയാണ്.

നായ്‌ക്കൾ കാവലിന് വന്നശേഷം പുറത്ത് നിന്നുള്ള ലഹരിയുടെ വരവ് പൂർ‌ണമായും ഇല്ലാതായി. രണ്ടുവർഷത്തോളമായി നായ്‌ക്കളുടെ കാവൽ ആരംഭിച്ചിട്ട്.തടവുകാരുടെ ദേഹപരിശോധനയ്‌ക്ക് ഇവർക്ക് അനുമതിയില്ല.

ആനന്ദ് രാജ് ആർ.എസ്

ഡോഗ് സ്ക്വാഡിന്റെ ചുമതലയുള്ള ഡെപ്യൂട്ടി പ്രിസൺ ഓഫീസർ