photo

നെടുമങ്ങാട്: ജില്ലയിലെ എസ്. സി /എസ്.ടി വിഭാഗങ്ങൾക്ക് മാത്രമായുള്ള കേസുകൾ വിചാരണ ചെയ്യുന്നതിന് വേണ്ടി അനുവദിച്ച ആദ്യ സെഷൻ കോടതി ആരംഭിക്കുന്നതിനായുള്ള സ്ഥലം മന്ത്രി ജി.ആർ.അനിലും നെടുമങ്ങാട് കുടുംബ കോടതി ജഡ്ജി എ.എം ബഷീറും സന്ദർശിച്ചു.

നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റിലെ കെട്ടിടമാണ് കോടതിയ്ക്കായി കണ്ടെത്തിയത്. നിലവിൽ നെടുമങ്ങാട് താലൂക്കിൽ എട്ട് കോടതികളാണ് പ്രവർത്തിക്കുന്നത്. മന്ത്രിയുടെ ഇടപെടലിലാണ് എസ്.സി/ എസ്.ടി വിഭാഗത്തിനായി ജില്ലാ സെഷൻ കോടതി അന്താരാഷ്ട്ര മാർക്കറ്റിൽ ആരംഭിക്കുവാൻ സഹായകരമായത്. വാമനപുരം ഇറിഗേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നര ഏക്കർ സ്ഥലം കണ്ടെത്തുമെന്നും നെടുമങ്ങാട് കേന്ദ്രമാക്കി താലൂക്കിലെ ആരംഭിക്കുന്നതുൾപ്പെടെ 10ഓളം കോടതികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുക എന്നതാണ് ലക്ഷ്യമെന്ന് സ്ഥല സന്ദർശനത്തിനുശേഷം മന്ത്രി പറഞ്ഞു. നെടുമങ്ങാട് നഗരസഭാ ചെയർപേഴ്സൺ സി.എസ്. ശ്രീജ,നെടുമങ്ങാട് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ:കോലിയക്കോട് മോഹൻ കുമാർ, സെക്രട്ടറി അഡ്വ:ഉവൈസ്‌ഖാൻ,സി.പി.എം നെടുമങ്ങാട് ഏരിയാ സെക്രട്ടറി അഡ്വ:ആർ.ജയദേവൻ,സി.പി.ഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്,നെടുമങ്ങാട് കൃഷിഭവൻ സെക്രട്ടറി എസ്.അജയകുമാർ,റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.