vld-1

വെള്ളറട: മലയോര ഗ്രാമങ്ങളിൽ റോഡുവക്കുകളിൽ സുരക്ഷിതമില്ലാത്ത വഴിയോരച്ചന്തകൾ വ്യാപകമായി പെരുകുന്നു. റോഡുവക്കിൽ കൂടുന്ന മാർക്കറ്റുകളിൽനിന്ന് ഉപഭോക്താക്കൾക്ക് സുരക്ഷിതമായി സാധനം വാങ്ങി മടങ്ങാൻ കഴിയാത്ത അവസ്ഥയാണ്. നെയ്യാറ്റിൻകര വെള്ളറട റോഡിൽ കുന്നത്തുകാൽ കൂനമ്പനയിലും വെള്ളറട പഞ്ചായത്തിലെ പുലിയൂ‌ർശാലയിലും മെയിൻ റോഡിലുള്ള മാർക്കറ്റുകൾ ഗതാഗത തടസത്തിനും ദിവസവും അപകടങ്ങൾക്കും ഇടയാക്കുന്നു. മാർക്കറ്റിന് ആവശ്യമായ സ്ഥലം ലഭിക്കാത്തതുകാരണമാണ് റോഡുവക്കിൽ കച്ചവടം ചെയ്യുന്നത്. കൂടുതൽ പേർക്ക് നിന്ന് സാധനങ്ങൾ വാങ്ങാനും കച്ചവടക്കാർക്ക് വിൽക്കാനും ഇവിടങ്ങളിൽ സൗകര്യമില്ല. ഇതുവഴി വാഹന യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. റോഡിൽ ആളുകൾ കൂടിനിൽക്കുന്നതുകാരണം അത്യാവശ്യ വാഹനങ്ങൾ പോലും പ്രധാന റോഡിലൂടെ കടന്നുപോകാൻ ഏറെ സമയം കാത്തുനിൽക്കണം.

ആവശ്യങ്ങൾ ഏറെ

കൂമ്പനയിലെ അനധികൃത ചന്ത ഒഴിപ്പിച്ച് കുടുംബശ്രീയുടെ നേതൃത്വത്തിൽ മാർക്കറ്റ് ആരംഭിക്കണമെന്ന ആവശ്യവും കച്ചവടക്കാരുടെ ഇടയിൽ നിന്ന് ഉയർന്നിട്ടുണ്ട്. ഇതിന് പഞ്ചായത്ത് അധികൃതർ ഇടപെട്ടാൽ മാത്രമേ കഴിയുകയുള്ളൂ. ചില സ്വകാര്യ വ്യക്തികളും സ്ഥലം നൽകി മാർക്കറ്റ് സ്ഥാപിക്കാൻ രംഗത്ത് എത്തിയിട്ടുണ്ട്. ആളുകൾക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാൻ സൗകര്യപ്രദമായ സ്ഥലത്ത് പഞ്ചായത്ത് മാർക്കറ്റ് ആരംഭിച്ച് റോഡിലെ ഗതാഗതക്കുരുക്കിനും അപകടത്തിനും പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

പെരുവഴിയായി കച്ചവടക്കാർ

പനച്ചുമൂട് മാർക്കറ്റിലെ നിർമ്മാണപ്രവർത്തനം ആരംഭിച്ചതോടെ മാർക്കറ്റിലും ആരും എത്താതെയായി. അതോടെ വ്യാപാരികൾ കച്ചവടം റോഡിലേക്ക് മാറ്റി. കൊവിഡ് വ്യാപനത്തിന് ശേഷം കുന്നത്തുകാൽ പഞ്ചായത്തിന്റെ അതിർത്തിയിലെ കന്നുവാമൂട് മാർക്കറ്റിലെ പ്രവർത്തനം നിറുത്തിയതും വ്യാപരികൾ റോഡുവക്കിനെ ആശ്രയിക്കാൻ തുടങ്ങി. എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾ മാറിയിട്ടും ഇതുവരെ മാർക്കറ്റ് തുറന്നുകൊടുത്തിട്ടില്ല. ഇതോടെ ഈ മാർക്കറ്റുകളെ ആശ്രയിച്ച് കച്ചവടം ചെയ്ത വ്യാപാരികൾ പെരുവഴിയായി.

സ്ഥലം വേണം

കൃത്യമായി മാർക്കറ്റ് പ്രവർത്തിപ്പിക്കാനും മലിനജലവും മത്സ്യങ്ങളുടെ അവശിഷ്ടവും നിർമാർജനം ചെയ്യുന്നതിനുമുള്ള സൗകര്യങ്ങൾ ഈ വ്യാപാരികൾക്കില്ല. അതുകൊണ്ടുതന്നെ കച്ചവടത്തിന് ശേഷം ഇവിടെ അസഹ്യമായ ദുർഗന്ധമാണ് അനുഭവിക്കുന്നതെന്ന് നാട്ടുകാരും യാത്രക്കാരും പരാതിപറയുന്നു. കൂടാതെ മാലിന്യങ്ങൾ പക്ഷികൾ കൊത്തിവലിച്ച് സമീപത്തെ കിണറുകളിൽ കൊണ്ടിടുന്നതും ജനങ്ങൾക്ക് ദുരിതമാകുന്നു. ഇതു പരിഹരിക്കണമെങ്കിൽ മാർക്കറ്റ് സൗകര്യപ്രദമായ സ്ഥലത്ത് മാറ്റിസ്ഥാപിച്ചാലേ കഴിയൂ. ചന്ത പ്രവർത്തിപ്പിക്കാൻ സുരക്ഷിതമായ സ്ഥലം കണ്ടെത്തിനൽകാൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും പൊതുവായ ആവശ്യം.