
കുറ്റിച്ചൽ: പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കോട്ടൂർ ആനപുനരധിവാസ കേന്ദ്രത്തിലേയ്ക്കുള്ള റോഡ് തകർന്നിട്ട് നാളുകളായി. കോട്ടൂർ മുതൽ കാപ്പുകാടുവരെയുള്ള രണ്ടര കിലോമീറ്ററോളം ദൂരത്തിലാണ് തകർന്നു കിടക്കുന്നത്. ഏഷ്യയിലെ തന്നെ അറിയപ്പെടുന്ന ടൂറിസ്റ്റ് കേന്ദ്രമാണ് കോട്ടൂർ ആന പുനരധിവാസ കേന്ദ്രം. വിവിധ പ്രദേശങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നുപോലും ദിവസവും ആയിരത്തിലധികം ടൂറിസ്റ്റുകളാണ് ഈ കേന്ദ്രത്തിലേയ്ക്ക് എത്തുന്നത്. അവധി ദിവസങ്ങളിലാണെങ്കിൽ ടൂറിസ്റ്റുകളുടെ എണ്ണം ഇതിലും കൂടും.
ആനപുനരധിവാസ കേന്ദ്രം യാഥാർത്ഥ്യമാകുന്നതോടെ ഇവിടേയ്ക്കുള്ള റോഡും പുനരുദ്ധരിക്കും എന്നാണ് ഫോറസ്റ്റ് അധികൃതർ പറയുന്നത്. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും പണികൾ പൂർത്തിയാകെ കിടക്കുന്നതിനാൽ റോഡ് പണിയും ഇഴയുകയാണ്.
മഴക്കാലമായതോടെ ഇപ്പോൾ റോഡ് ചെളിക്കളമായി മാറി. ഇവിടേയ്ക്ക് വരുന്ന ടൂറിസ്റ്റുകളുടെ സ്വകാര്യ വാഹനങ്ങൾ പലപ്പോഴും അപകടത്തിൽപ്പെടുകയാണ്. ഇതുകാരണം ടൂറിസ്റ്റുകൾ ഇവിടേയ്ക്ക് വരാനും മടിക്കും.
ഇപ്പോൾ പണി നടക്കുന്ന കേന്ദ്രത്തിലേയ്ക്ക് വലിയ വാഹനങ്ങൾ എത്തുന്നതാണ് റോഡിന്റെ തകർച്ചയ്ക്ക് കാരണമാകുന്നത്. പ്രദേശവാസികൾക്ക് പോലും ഇപ്പോൾ കാൽനടയാത്രപോലും ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. ആനകളേയും കാനന ഭംഗിയും ആസ്വദിക്കാൻ എത്തുന്ന ടൂറിസ്റ്റുകൾക്ക് ചെളിക്കളമായ റോഡിലൂടെ സഞ്ചരിച്ച് നവടുവൊടിയേണ്ട സ്ഥിതിയാണുള്ളത്.