jun08e

ആറ്റിങ്ങൽ: കച്ചേരി ജംഗ്ഷനിൽ കോടതി വളപ്പിനു സമീപം മരങ്ങൾ മുറിച്ച് പൊതു ടോയ്‌ലെറ്റ് നിർമ്മിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി പ്രകൃതി സ്നേഹികൾ രംഗത്തെത്തി. പൊലീസ് സ്റ്റേഷൻ റോഡിൽ മിനി സിവിൽസ്റ്റേഷന് പിറകുവശത്തു നിൽക്കുന്ന ആഞ്ഞിലി,​ താന്നി,​ കൊന്ന എന്നീ മരങ്ങൾ മുറിച്ചുമാറ്റി ടോയ്‌ലെറ്റ് പണിയാനാണ് തീരുമാനം.

സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ടേക്ക് എ ബ്രേക്ക് എന്ന പദ്ധതിയുടെ ഭാഗമായാണ് ഇവിടെ ടോയ്‌ലെറ്റ് നിർമ്മിക്കാൻ പദ്ധതിയിട്ടത്. കച്ചേരി ജംഗ്ഷനിൽ കൂടാതെ പൂവൻപാറ ഹോമിയോ ആശുപത്രിയ്ക്ക് സമീപവും മൂന്നുമുക്കിലും ടോയ്‌ലെറ്റ് നിർമ്മിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 84 ലക്ഷം രൂപയാണ് ഇതിനായി വക കൊള്ളിച്ചിട്ടുള്ളത്. റവന്യൂ വകുപ്പും പൊതുമരാമത്ത് വകുപ്പും നഗരസഭയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കച്ചേരി നടയിൽ പൊലീസ് സ്റ്റേഷൻ റോഡിലെ ഭൂമിയിൽ ടോയ്‌ലെറ്റ് നിർമ്മിക്കാൻ സ്ഥലം കണ്ടെത്തിയത്.

35 ചതുരശ്ര മീറ്റർ ഭൂമിയാണ് ഇതിനായി വേണ്ടത്. ഈ ഭാഗത്തു വരുന്ന മരങ്ങൾ ലേലം ചെയ്യുന്നതിന് മതിപ്പ് വില നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് തഹസിൽദാർ അസിസ്റ്റൻഡ് ഫോറസ്റ്റ് കൺസർവേറ്റർക്ക് കത്ത് നൽകിക്കഴിഞ്ഞു. നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് പ്രതിഷേധവുമായി പ്രകൃതി സ്നേഹികൾ രംഗത്തെത്തിയത്.

എന്നാൽ ടേക്ക് എ ബ്രേക്ക് പദ്ധതിക്കായി കച്ചേരി ജംഗ്ഷനിൽ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് കണ്ടെത്തിയിട്ടുള്ളതെന്ന് അധികൃതർ പറഞ്ഞു. ജില്ലാ കളക്ടർ ചെയർമാനായ സമിതിയാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നത്. പദ്ധതിയ്ക്ക് തടസ്സമായി നിൽക്കുന്ന മരങ്ങളാണ് മുറിച്ചു മാറ്റുന്നത്. മറ്റ് വൃക്ഷങ്ങൾ മുറിക്കില്ലെന്നും അധികൃതർ പറഞ്ഞു.