environmental-protection

തിരുവനന്തപുരം: സംസ്ഥാനത്തെ വനമേഖലകളോടും ദേശീയ ഉദ്യാനങ്ങളോടും ചേർന്നുകിടക്കുന്ന മനുഷ്യാവാസ കേന്ദ്രങ്ങൾ അതേപടി തുടരുന്നതിനായി പരിസ്ഥിതിലോല പ്രദേശം ഒരു കിലോമീറ്റർ വരെ എന്നുള്ളത് പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെ എന്നാക്കിയ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സംസ്ഥാനം നൽകും. കേന്ദ്ര സർക്കാർ മുഖേന റിപ്പോർട്ട് സുപ്രീംകോടതിയിലെത്തിക്കാനാണ് നീക്കം. സംരക്ഷിത വനമേഖലകളുടെ അതിർത്തിയിൽനിന്ന് ഒരു കിലോമീറ്റർചുറ്റളവ് പരിസ്ഥിതിലോല മേഖലയായി നിലനിറുത്തണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് കോടതിയിൽ നിലപാട് അറിയിക്കാം.

കേന്ദ്ര സർക്കാരിന് നൽകാനായി കേരളം നേരത്തെ തയ്യാറാക്കിയ കരട് റിപ്പോർട്ട് കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പരിഷ്കരിച്ചാകും നൽകുക. അത് ഇപ്പോഴത്തെ ജനജീവിതത്തെ സംരക്ഷിക്കുന്നതായിരിക്കും. നിലവിൽ വനമേഖലയിലുള്ള സ്വകാര്യ റിസോർട്ടുകളെയും സംരക്ഷിച്ചുകൊണ്ടുള്ളതാവും അത്. പക്ഷേ, പുതിയവ നിർമ്മിക്കാനാകില്ല. പെരിയാർ, മംഗളം, പീച്ചി, വയനാട്, ഇടുക്കി, ശെന്തരുണി തുടങ്ങിയ വനപ്രദേശങ്ങളിൽ ചെറുകിട വൻകിട റിസോർട്ടുകളുണ്ട്. മിക്കവയും അനുവാദമില്ലാതെ നിർമ്മിച്ചതാണ്. എത്ര റിസോർട്ടുകൾ വനാതിർത്തികളിലുണ്ടെന്നതിന് വനം വകുപ്പിന്റെ കൈയിൽ വ്യക്തമായ കണക്കുകളും ഇല്ല. ഇവ സംബന്ധിച്ചുള്ള നടപടികളും അവ്യക്തമാണ്.

 ഒരു കി.മീറ്റർ 4 ഇടങ്ങിൽ മാത്രം

സൈലന്റ് വാലി, മതികെട്ടാൻചോല,പമ്പാടുംചോല, ചിന്നാർ എന്നീ ദേശീയോദ്യാനങ്ങളോടു ചേർന്ന് ഒരു കിലോമീറ്റർ പ്രദേശത്ത് ജനവാസമേഖലകളില്ല. ബാക്കി 19 ദേശീയ ഉദ്യാനങ്ങളോടു ചേർന്നും ജനവാസമേഖലകളുണ്ട്. ഏറ്റവും അവസാനം ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച നിലമ്പൂരിനടുത്തുള്ള കരിമ്പുഴ വനത്തോടു ചേർന്ന് അമരമ്പലം വില്ലേജിൽ ടി.കെ. കോളനി എന്ന ജനവാസമേഖലയുണ്ട്.

മന്ത്രിസഭ തീരുമാനം മാറ്റി

2019 ഒക്ടോബർ 23ന് ചേർന്ന മന്ത്രിസഭായോഗം സംരക്ഷിത വനപ്രദേശങ്ങൾക്ക് ചുറ്റുമുള്ള ഒരുകിലോമീറ്റർ പ്രദേശം വരെ പരിസ്ഥിതിലോലമാക്കാൻ തീരുമാനിച്ചിരുന്നു. ആവർത്തിക്കുന്ന പരിസ്ഥിതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അത്. എന്നാൽ, അതേ മാസം 31ന് ഇറങ്ങിയ ഉത്തരവിൽ പരിസ്ഥിതിലോല പ്രദേശം പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെ എന്നാണ് രേഖപ്പെടുത്തിയത്. വിജ്ഞാപന നിർദ്ദേശങ്ങൾ അങ്ങനെ തയ്യാറാക്കുന്നതിന് സർക്കാർ അനുവദിക്കുകയായിരുന്നു.