1

വിഴിഞ്ഞം: സംസ്ഥാനത്ത് ആദ്യമായി ടൂറിസം രംഗത്ത് പക്ഷി നിരീക്ഷണ പരിശീലനം. വെള്ളായണി പുഞ്ചക്കരിയിലാണ് രണ്ട് ബാച്ചുകളിലായി 60 അംഗ സംഘം പരിശീലനം നേടുന്നത്. സംസ്ഥാനത്തെ എല്ലാ വനമേഖലകളിലുമുള്ള ടൂറിസം വോളന്റിയർമാർക്കും ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത ഉദ്യോഗസ്ഥർക്കുമാണ് കിറ്റ്സിന്റെ (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ്) നേതൃത്വത്തിൽ പരിശീലനം നൽകുന്നത്. 48 ദിവസമായി വിവിധ വിഷയങ്ങളിൽ നടക്കുന്ന പരിശീലനത്തിലാണ് പക്ഷിനിരീക്ഷണവും ഉൾപ്പെട്ടിട്ടുള്ളത്. 14 വർഷമായി പക്ഷിനിരീക്ഷണ രംഗത്ത് പ്രവർത്തിക്കുന്ന സതീഷിന്റെ നേതൃത്വത്തിലാണ് ഇന്നലെ പുഞ്ചക്കരിപ്പാടത്ത് പക്ഷിനിരീക്ഷണം നടത്തിയത്. പുഞ്ചക്കരിപ്പാടം ദേശാടനപ്പക്ഷികളും ജലപക്ഷികളും ഉൾപ്പെടെയുള്ള വ്യത്യസ്ത തരം പക്ഷികളുടെ ആവാസ കേന്ദ്രമായതിനാലാണ് പക്ഷിനിരീക്ഷണത്തിന് ഇവിടം തിരഞ്ഞെടുത്തതെന്ന് സതീഷ് പറഞ്ഞു.