pinaryi-

തിരുവനന്തപുരം: ഡോളർ കടത്തിലെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പൊലീസ് സുരക്ഷ വർദ്ധിപ്പിച്ചു. ഇസ‍ഡ് പ്ലസ് സുരക്ഷയാണ് മുഖ്യമന്ത്രിക്കുള്ളത്. മുഖ്യമന്ത്രിയുടെ സുരക്ഷ സി.ഐ.എസ്.എഫിന്റെ മാതൃകയിലുള്ള സംസ്ഥാന സേനയായ എസ്.ഐ.എസ്.എഫിന് കൈമാറി. മുഖ്യമന്ത്രിയുടെ പരിപാടികളിൽ ദ്രുതകർമ്മസേനയെ നിയോഗിച്ചു. ഒന്നര മണിക്കൂർ മുൻപ് ചടങ്ങ് നടക്കുന്ന സ്ഥലവും പരിസരവും പൊലീസ് നിയന്ത്രണത്തിലാക്കും. മുഖ്യമന്ത്രിക്ക് വേദിയിലെത്താൻ കയറു കെട്ടി പ്രത്യേക വഴിയുണ്ടാക്കും.

മന്ത്രിമാർക്കെല്ലാം പൈലറ്റ്, എസ്കോർട്ട് ഏർപ്പെടുത്തി. തലസ്ഥാനത്ത് സഞ്ചരിക്കുമ്പോൾ മന്ത്രിമാർക്കൊപ്പം ഇതുവരെ ഗൺമാൻ മാത്രമാണുണ്ടായിരുന്നത്.

ക്ലിഫ്ഹൗസിലും സെക്രട്ടേറിയറ്റിലും മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാൻ സായുധ ബറ്റാലിയനുകൾ, ലോക്കൽ പൊലീസ്, എസ്.ഐ.എസ്.എഫ്, ദ്രുതകർമ്മസേന എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലെ അഞ്ഞൂറോളം പൊലീസുകാരാണുള്ളത്. സെക്രട്ടേറിയറ്റും ക്ലിഫ്ഹൗസും പ്രത്യേകസുരക്ഷാമേഖലകളാക്കി, ജനങ്ങളുടെ പ്രവേശനത്തിനും കെട്ടിടങ്ങളുടെ ഉപയോഗത്തിനുമടക്കം നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ക്ലിഫ്ഹൗസിന് ചുറ്റും രാത്രിയും പകലും ഫ്ലൈയിംഗ് സ്ക്വാഡ് റോന്തുചുറ്റും.