sanalkumar
പി.എച്ച്.സനൽകുമാർ

തിരുവനന്തപുരം: വൈദ്യുതി ബോർഡിന്റെ 65ാം വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ മാദ്ധ്യമ അവാർഡിന് കേരളകൗമുദി പ്രത്യേക ലേഖകൻ പി.എച്ച്.സനൽകുമാർ അർഹനായി.

25,​000 രൂപയും പ്രശസ്തി പത്രവും ശിൽപവും അടങ്ങുന്നതാണ് അവാർഡ്. താപവൈദ്യുതിയ്ക്ക് ബദലായി ജലവൈദ്യുതി ഉത്പാദനവും സൗരോർജ ഉത്പാദനവും കൂട്ടുന്നത് സംബന്ധിച്ച് സ്ഥിതിവിവര കണക്കുകളുടെ സഹായത്തോടെ തയ്യാറാക്കിയ സമഗ്ര റിപ്പോർട്ടിനാണ് പുരസ്‌കാരം.

എറണാകുളം കുമ്പളങ്ങി പടക്കാറ ഹൗസിൽ ഹർഷന്റെയും ശ്യാമളയുടെയും മകനാണ്. ജന്മഭൂമി തിരുവനന്തപുരം യൂണിറ്റിലെ സബ് എഡിറ്റർ സി.പ്രബീനയാണ് ഭാര്യ. എൻജിനിയറിംഗ് വിദ്യാർത്ഥി കശ്യപ് സനൽ മകനാണ്.

മുതിർന്ന മാദ്ധ്യമപ്രവർത്തകനും മുൻ എം.പിയുമായ ഡോ. സെബാസ്റ്റ്യൻ പോൾ അദ്ധ്യക്ഷനും പബ്ലിക് റിലേഷൻസ് വകുപ്പ് മുൻ അഡി.ഡയറക്ടർ കെ. മനോജ് കുമാർ, ദ ഹിന്ദു ദിനപത്രത്തിന്റെ ചീഫ് ഫോട്ടോഗ്രാഫറായിരുന്ന എസ്. ഗോപകുമാർ എന്നിവർ അംഗങ്ങളും കെ.എസ്.ഇ.ബി പബ്ലിക് റിലേഷൻസ് ഓഫീസർ സന്തോഷ് കൺവീനറുമായ ജൂറിയാണ് അവാർഡ് നിർണയിച്ചത്.