sasee

തിരുവനന്തപുരം: ജനവാസ പ്രദേശങ്ങളെ പൂർണമായി ഒഴിവാക്കി പരിസ്ഥിതി ലോല മേഖല നിർണയിക്കണമെന്നാവശ്യപ്പെട്ട്‌ കേരളം സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകുമെന്ന്‌ മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ പരിസ്ഥിതി ലോല മേഖല വേണമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. ഇതിനെതിരെയാണ് റിവ്യൂ ഹർജി നൽകുന്നത്. മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

വിധിക്കെതിരെ സെൻട്രൽ എംപവേർഡ്‌ കമ്മിറ്റിയേയും സമീപിക്കും. വിധിയിൽ അപകടമുണ്ടെങ്കിലോ, എന്തെങ്കിലും പ്രയാസങ്ങൾ സംസ്ഥാനങ്ങൾക്കുണ്ടെങ്കിലോ കമ്മിറ്റിയെ സമീപിക്കാമെന്ന്‌ സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്‌. പരിസ്ഥിതി ലോല മേഖല നിർണയവുമായി ബന്ധപ്പെട്ട്‌ കേരളം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ സുപ്രീം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരാനും വിശദാംശങ്ങൾ തയ്യാറാക്കുന്നതിനെക്കുറിച്ച് ആലോചിക്കാനുമാണ് യോഗം ചേർന്നത്. വിധി വരാനിടയായ സാഹചര്യം പരിശോധിച്ചു. സർക്കാരിന്‌ ഇക്കാര്യത്തിൽ വീഴ്‌ചയോ ജാഗ്രത കുറവോ വന്നിട്ടില്ലെന്ന് യോഗം വിലയിരുത്തി.

നിലവിലുള്ള നിർമ്മാണങ്ങൾ, വീടുകൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങൾ സമയബന്ധിതമായി തയ്യാറാക്കി കോടതിയ്ക്ക്‌ സമർപ്പിക്കും. വിശദാംശങ്ങൾ ശേഖരിക്കാൻ സർവേ നടത്തും. യോഗത്തിൽ അഡ്വക്കേറ്റ്‌ ജനറൽ കെ. ഗോപാലകൃഷ്‌ണക്കുറുപ്പ്‌, സുപ്രീം കോടതി സ്‌റ്റാൻഡിംഗ് കോൺസൽ നിഷി രാജൻ, സ്‌പെഷ്യൽ ഗവ. പ്ലീഡർമാരായ അഡ്വ. എസ്‌.കണ്ണൻ, അനിൽ, മുഖ്യവനം മേധാവി ബെന്നിച്ചൻ തോമസ്‌ എന്നിവർ പങ്കെടുത്തു.