ചിറയിൻകീഴ്: സവാരി പോയ ഓട്ടോ തടഞ്ഞുനിറുത്തി ഡ്രൈവറെ മർദ്ദിച്ച് അവശനാക്കി പണം അപഹരിച്ചു. പെരുങ്ങുഴി കിഴക്കതിൽ വീട്ടിൽ റെജിൻ.ആർ ആണ് ഇതുസംബന്ധിച്ച് ചിറയിൻകീഴ് പൊലീസിന് പരാതി നൽകിയത്. പെരുങ്ങുഴി ഓട്ടോ സ്റ്റാൻഡിൽ നിന്ന് കുഴിയത്തേക്ക് ഒരു സ്ത്രീയെയും കൊണ്ട് സവാരി പോവുകയായിരുന്ന റെജിനെ എട്ടോളം പേർ വഴിയിൽ തടഞ്ഞുനിറുത്തി. തുടർന്ന് റെജിന്റെ കൈവശമുണ്ടായിരുന്ന 8500 രൂപയും സവാരി പോയി കിട്ടിയ അഞ്ഞൂറോളം രൂപയും കൈക്കലാക്കുകയും ക്രൂരമായി മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. ചിറയിൻകീഴ് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.