
തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ 45 കോടി രൂപ ഓവർഡ്രാഫ്ട് എടുത്തും ശേഷിക്കുന്ന തുക പ്രതിദിന കളക്ഷനിൽ നിന്ന് മിച്ചം പിടിച്ചും മേയ് മാസത്തെ ശമ്പളം വിതരണം ചെയ്യാനാണ് കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റിന്റെ ശ്രമം. ഇതിനുള്ള വഴിതെളിയാൻ ഒരാഴ്ചയിലധികമെടുക്കുമെന്നാണ് വിലയിരുത്തൽ.
82.5 കോടി രൂപ ശമ്പളത്തിന് വേണം. കഴിഞ്ഞ മാസം ഓവർ ഡ്രാഫ്റ്റ് എടുത്താണ് നൽകിയത്. ഇത്തവണത്തെ ശമ്പളത്തിനായി സർക്കാർ അനുവദിച്ച 30 കോടി കഴിഞ്ഞ മാസത്തെ ഒ.ഡി തിരിച്ചടവിനായി വിനിയോഗിച്ചു. ഒ.ഡി ഇനത്തിൽ ഇനിയും എട്ടു കോടി തിരിച്ചടയ്ക്കാനുണ്ട്. ഇത് പൂർത്തിയായാൽ മാത്രമേ അടുത്ത ഓവർ ഡ്രാഫ്റ്റ് ലഭിക്കൂ.
സി.ഐ.ടി.യുവിന്റെയും ഐ.എൻ.ടി.യു.സിയുടെയും ചീഫ് ഓഫീസിന് മുന്നിലെ സമരം മൂന്ന് ദിവസം പിന്നിട്ടു. ബി.എം.എസ് രണ്ടു നാളായി സെക്രട്ടറിയേറ്റിന് മുന്നിലും സമരത്തിലാണ്. ആക്ഷൻകൗൺസിൽ രൂപീകരിച്ചാണ് എ.ഐ.ടി.യു.സിയുടെ സമരനീക്കം. പന്ന്യൻ രവീന്ദ്രനാണ് ആക്ഷൻ കൗൺസിൽ പ്രസിഡന്റ്.