
തിരുവനന്തപുരം :കേരളത്തിന്റെ ഗോതമ്പ്, മണ്ണെണ്ണ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചത് ജനദ്രോഹമാണെന്നും ഇത് ഭക്ഷ്യക്ഷാമവും വിലക്കയറ്റവും വരുത്തുമെന്നും സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് കുറ്റപ്പെടുത്തി.
രാജ്യത്ത് ആദ്യമായി സാർവത്രിക റേഷൻ നടപ്പാക്കിയത് കേരളമാണ്. 2016 ൽ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം വന്നതോടെ റേഷൻ മുൻഗണനാ വിഭാഗങ്ങൾക്ക് മാത്രമായി. 43 ശതമാനം ജനങ്ങൾക്ക് മാത്രമാണ് റേഷന് അർഹതയുള്ളത് എന്നാണ് കേന്ദ്ര സർക്കാർ കണ്ടെത്തിയത്.
റേഷനിൽ നിന്ന് പുറത്തായ 57% മുൻഗണനേതര വിഭാഗങ്ങൾക്ക് കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം ടൈഡ് ഓവർ വിഹിതമായി സംസ്ഥാനത്തിന് നൽകി വന്ന 6459.074 ടൺ ഗോതമ്പ് നിർത്തലാക്കി. 57% ജനങ്ങൾക്ക് റേഷൻ ഗോതമ്പ് കിട്ടാത്ത സ്ഥിതിയാണ്.
കേരളത്തിന്റെ മണ്ണെണ്ണ വിഹിതവും വെട്ടിക്കുറച്ചു. മണ്ണെണ്ണയുടെ അടിസ്ഥാന വിലയായ 72.82 രൂപയോടൊപ്പം ജി.എസ്.ടി, കടത്തുകൂലി, ഡീലർ കമ്മിഷൻ, റീട്ടെയിൽ കമ്മീഷൻ എന്നിവ ചേരുമ്പോൾ 84 രൂപയോളമാകും. മണ്ണെണ്ണ വിഹിതം 40% കുറച്ചെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
അഡ്വ.പി വസന്തം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, കേന്ദ്ര സെക്രട്ടറിയേറ്റംഗം ബിനോയ് വിശ്വം എം.പി, കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളായ പന്ന്യൻ രവീന്ദ്രൻ, കെ.ഇ.ഇസ്‌മായിൽ എന്നിവർ പങ്കെടുത്തു.