തിരുവനന്തപുരം: ഓൺലൈൻ വഴി ബില്ലടച്ചിട്ടും അക്കൗണ്ടിൽ പണം വന്നില്ലെന്ന പേരിൽ പെയിന്റിംഗ് തൊഴിലാളിയുടെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചു. തിരുമല അണ്ണൂർ എ.ബി.ആർ.എ 220 എയിൽ വാടകയ്ക്ക് താമസിക്കുന്ന ആർ. രാജേഷിന്റെ വീട്ടിലെ വൈദ്യുതിയാണ് ബുധനാഴ്ച വൈകിട്ടോടെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെത്തി വിച്ഛേദിച്ചത്. തുടർന്ന് കൗൺസിലർ തിരുമല അനിൽ ഇടപെട്ട് കെ.എസ്.ഇ.ബി ഓഫീസിലെത്തി രണ്ടാമതും ബില്ലടച്ചിട്ടാണ് വൈദ്യുതി പുനസ്ഥാപിച്ചത്.
കഴിഞ്ഞ മാസത്തെ വൈദ്യുതി ബിൽ രാജേഷ് അടച്ചിരുന്നില്ല. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെ കെ.എസ്.ഇ.ബിയിൽ നിന്ന് രണ്ട് ഉദ്യോഗസ്ഥർ വൈദ്യുതി വിച്ഛേദിക്കാനെത്തി. രാജേഷിന്റെ ഭാര്യയും ഒന്നും ആറും വയസുള്ള രണ്ട് കുട്ടികളുമാണ് ആ സമയം വീട്ടിലുണ്ടായിരുന്നത്. ഒരു മണിക്കൂറിനുള്ളിൽ ബില്ല് അടയ്ക്കാമെന്ന് ഫോണിലൂടെ രാജേഷ് അറിയിച്ചതിനെ തുടർന്ന് ഇവർ തിരിച്ചുപോയി. ഒന്നേമുക്കാലോടെ ഗൂഗിൾ പേ വഴി ബില്ലടയ്ക്കുകയും ചെയ്തു.
എന്നാൽ ബില്ല് അടച്ചിട്ടില്ലെന്ന് പറഞ്ഞ് വൈകിട്ടോടെ ഉദ്യോഗസ്ഥർ വീണ്ടുമെത്തി. പണം അടച്ചതിന്റെ രസീത് അടക്കം കാണിച്ചിട്ടും കെ.എസ്.ഇ.ബിയുടെ അക്കൗണ്ടിലേക്ക് പണം വന്നിട്ടില്ലെന്ന് പറഞ്ഞ് ഇവർ വൈദ്യുതി വിച്ഛേദിച്ചു. പണം അടച്ചിട്ടുണ്ടെന്നും എന്തെങ്കിലും സാങ്കേതിക പ്രശ്‌നമുള്ളതിനാലാകും അക്കൗണ്ടിലെത്താൻ വൈകുന്നതെന്നും അറിയിച്ചെങ്കിലും ഉദ്യോഗസ്ഥർ സമ്മതിച്ചില്ലെന്ന് രാജേഷ് ആരോപിക്കുന്നു.
രാജേഷ് അറിയിച്ചതിനെ തുടർന്ന് വാർഡ് കൗൺസിലർ തിരുമല അനിൽ കെ.എസ്.ഇ.ബിയുടെ തിരുമല സെക്ഷൻ ഓഫീസിൽ പോയി വിവരം പറഞ്ഞെങ്കിലും അംഗീകരിച്ചില്ല. അവസാനം കൗൺസിലർ സ്വന്തം കൈയിൽനിന്ന് പണമെടുത്ത് ബില്ലടച്ചതിന് ശേഷമാണ് വൈകിട്ടോടെ വൈദ്യുതി പുനസ്ഥാപിച്ചത്.