 200ഓളം വ്യാപാര സ്ഥാപനങ്ങൾക്ക് പുനരധിവാസം ഒരുക്കണം

തിരുവനന്തപുരം: വട്ടിയൂർക്കാവ് ജംഗ്‌ഷൻ വികസനവുമായി ബന്ധപ്പെട്ടുള്ള നിർമ്മാണം ഈ വർഷം അവസാനത്തോടെ ആരംഭിക്കാൻ നടപടികൾ ദ്രുതഗതിയിലാക്കി പൊതുമരാമത്ത് വകുപ്പ്. പുനരധിവാസത്തിനായുള്ള വസ്‌തു ഏറ്റെടുക്കുന്നതിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

വികസനത്തിന്റെ ഭാഗമായി 570ൽപരം വ്യാപാര സ്ഥാപനങ്ങൾക്ക് നാശനഷ്‌ടങ്ങൾ സംഭവിക്കുമെന്നാണ് സാമൂഹിക ആഘാത പഠന റിപ്പോർട്ടിൽ പറയുന്നത്. ഇതിൽ 200ഓളം വ്യാപാര സ്ഥാപനങ്ങൾക്ക് പുനരധിവാസം ഒരുക്കേണ്ടിവരും. ഇതിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനമാണ് പ്രസിദ്ധീകരിച്ചത്. വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനത്തിനുള്ള വസ്തു ഏറ്റെടുക്കുന്നതിന് 95 കോടി രൂപയും റോഡ് നിർമ്മാണ പ്രവൃത്തികൾക്കായി 219.75 കോടി രൂപയുമാണ് ചെലവഴിക്കുന്നത്. പുനരധിവാസത്തിനുള്ള സ്ഥലമേറ്റെടുക്കുന്നതിനായി ട്രിഡയ്‌ക്ക് 27.04 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പദ്ധതിക്കായി ആകെ വകയിരുത്തിയിരിക്കുന്നത് 341.79 കോടി രൂപയാണ്.

ശാസ്‌തമംഗലം - വട്ടിയൂർക്കാവ് - പേരൂർക്കട റോഡ് മൂന്ന് റീച്ചുകളിലായി 10.75 കിലോമീറ്റർ ദൂരം 18.5 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിനും റോഡ് വികസനത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങൾ നഷ്‌ടപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതിനും ചേർത്തുള്ള സമഗ്ര പദ്ധതിയാണിത്. ഒന്നാംറീച്ചായ ശാസ്‌തമംഗലം - മണ്ണറക്കോണം റോഡിന്റെ വിജ്ഞാപനവും രണ്ടാം റീച്ചായ മണ്ണറക്കോണം - പേരൂർക്കട റോഡിന്റെ വിജ്ഞാപനവും പുറത്തിറങ്ങി. കിഫ്ബി ധനസഹായത്തോടെയുള്ള വികസനപദ്ധതി രണ്ട് ഭാഗങ്ങളായാണ് നടപ്പിലാക്കുന്നത്. വട്ടിയൂർക്കാവ് ജംഗ്ഷന്റെയും അനുബന്ധ റോഡുകളുടെയും വികസനം പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതിയും ഒഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസം തദ്ദേശസ്വയംഭരണ വകുപ്പിന്റെ പദ്ധതിയുമാണ്. മൂന്ന് വർഷത്തിനകം പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

പദ്ധതിച്ചെലവ് - 341.79 കോടി

സ്ഥലം ഏറ്റെടുക്കുന്നതിന് 95 കോടി

ഗതാഗതക്കുരുക്ക് രൂക്ഷം

മൂന്ന് റോഡുകൾ വന്നുചേരുന്ന വട്ടിയൂർക്കാവിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. വർഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യമാണ് ജംഗ്ഷൻ വിപുലീകരണവും റോഡ് വികസനവും. അധികാരികളോട് പറഞ്ഞുമടുത്തപ്പോൾ ജനങ്ങൾ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. നിരവധി ബഡ്‌ജറ്റുകളിൽ പണം അനുവദിച്ചെങ്കിലും നിർമ്മാണം മാത്രം എങ്ങുമെത്തിയില്ല. 2019ൽ കിഫ്ബിയിൽ നിന്ന് 219 കോടി അനുവദിച്ചതോടെയാണ് റോഡ് വികസനത്തിന് വീണ്ടും ജീവൻവച്ചത്.