
തിരുവനന്തപുരം: കിലെ ഐ.എ.എസ് അക്കാഡമി സിവിൽ സർവീസ് പ്രിലിമിനറി/മെയിൻ പരീക്ഷ പരിശീലനത്തിന് സംഘടിത/അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മക്കൾക്കും മറ്ര് വിദ്യാർത്ഥികൾക്കുമായി നടത്തുന്ന ഒരു വർഷത്തെ കോഴ്സിന്റെ ക്ലാസുകൾ 20ന് ആരംഭിക്കുമെന്ന് കിലെ ചെയർമാൻ കെ.എൻ. ഗോപിനാഥ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഫീസിളവിനായി ബന്ധപ്പെട്ട ബോർഡുകളിൽ നിന്നു വാങ്ങിയ ആശ്രിതത്വ സർട്ടിഫിക്കറ്റുമായി 15 വരെ kile.kerala.gov.in വഴി അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാകും അഡ്മിഷൻ.
തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ ആശ്രിതരിൽ നിന്നും 15000 രൂപയും മറ്റുള്ളവരിൽ നിന്ന് 50000 രൂപയും കോഷൻ ഡെപ്പോസിറ്റായി രണ്ടായിരം രൂപയുമാണ് ഇൗടാക്കുന്നത്. ഇന്റർവ്യൂ പരിശീലനവും ലൈബ്രറി സൗകര്യവും ലഭ്യമാക്കും. തിരുവനന്തപുരം വഞ്ചിയൂരിലെ ലേബർ വെൽഫെയർ ഫണ്ട് ബോർഡിന്റെ കെട്ടിടത്തിലാണ് ക്ലാസുകൾ. രാവിലെ 8 മുതൽ ഒരു മണിവരെയും ഒരു മണി മുതൽ വൈകിട്ട് 6 വരെയും 60 പേരുടെ രണ്ടു ബാച്ചുകളായാണ് ക്ലാസുകൾ. സിവിൽ സർവീസ് പ്രഗത്ഭരും യു.പി.എസ്.സി പ്രിലിംസ് / മെയിൻസ് ഘട്ടങ്ങളിൽ വിജയിച്ചവരുമാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.കിലെ എക്സിക്യൂട്ടീവ് ഡയറക്ടർ സുനിൽ തോമസ്, പ്രോജക്ട് കോർഡിനേറ്റർ ജാസ്‌മിൻ ബീഗം,പി.ആർ.ഒ സൂര്യാ ഹേമൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ബി.ടെക് ഈവനിംഗ്
കോഴ്സ്
തിരുവനന്തപുരം: 2022-23 അദ്ധ്യയന വർഷത്തെ ബി.ടെക് ഈവനിംഗ് കോഴ്സ് പ്രവേശനത്തിന് 30 വരെ www.admissions.dtekerala.gov.inൽ അപേക്ഷിക്കാം. പൊതുവിഭാഗത്തിലെ അപേക്ഷകൾക്ക് 800 രൂപയും പട്ടിക വിഭാഗത്തിലെ അപേക്ഷകർക്ക് 400 രൂപയുമാണ് ഫീസ്. ഓൺലൈനായും അടയ്ക്കാം. ഫോൺ: 0471-2561313.
കുസാറ്റ്പ്രവേശനപരീക്ഷ
കൊച്ചി: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ വിവിധ ബിരുദകോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷ 22, 23, 24 തീയതികളിൽ നടക്കും. കേരളത്തിനകത്തും പുറത്തുമായി 55 കേന്ദ്രങ്ങളിലായാണ് പരീക്ഷ. കൂടുതൽ വിവരങ്ങൾക്ക് : admissions.cusat.ac.in
പരീക്ഷ മാറ്റിവച്ചു
തിരുവനന്തപുരം: കേരള സോഷ്യൽ സെക്യൂരിറ്റി മിഷന്റെ കീഴിലുള്ള സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റിയിൽ ഡിസ്ട്രിക്ട് കോ-ഓർഡിനേറ്റർ തസ്തികയിൽ 12ന് കൊച്ചി രാജഗിരി സ്കൂൾ ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ നടത്താനിരുന്ന എഴുത്തുപരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പുതിയ അഡ്മിറ്റ് കാർഡ് മുഖേന അറിയിക്കും.