തിരുവനന്തപുരം: 2021ലെ ഗുരു ഗോപിനാഥ് ദേശീയ നാട്യപുരസ്‌കാരത്തിന് പ്രശസ്ത കഥക് നർത്തകി കുമുദിനി ലാഖിയ അർഹയായി. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശില്പവും അടങ്ങിയ അവാർഡ് തിരുവനന്തപുരത്ത് വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നൽകും.
കഥക് നൃത്തത്തിന്റെ അടവുകളെയും അഭിനയ തന്ത്രങ്ങളെയും കുറിച്ച് ഗഹനമായ ഗവേഷണവും നൃത്തരീതിയിലെ ചമയങ്ങൾ, രംഗവിതാനം, താളസന്നിവേശം എന്നിവയിൽ നൽകിയ സംഭാവനകളും പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നതെന്ന് ഗുരുഗോപിനാഥ് നടനഗ്രാമം വൈസ് ചെയർമാൻ കരമന ഹരി അറിയിച്ചു. ഇന്ത്യൻ ശാസ്ത്രീയ നർത്തകി ഡോ. കമാലിനി ദത്ത് അദ്ധ്യക്ഷയും സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, നടനഗ്രാമം വൈസ് ചെയർമാൻ കരമന ഹരി, നർത്തകി ഗായത്രി ഗോവിന്ദ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡ് നിശ്ചയിച്ചത്.
1930ൽ അഹമ്മദാബാദിൽ ജനിച്ച കുമുദിനി ലാഖിയ 1964 ൽ ആരംഭിച്ച കാദംബ നൃത്ത പഠനശാലയിലൂടെ കഥക് നൃത്തത്തെ കൂടുതൽ ജനപ്രിയമാക്കി. 1990 - 91 ൽ കേന്ദ്ര സംഗീത നാടക അക്കാഡമി ചെയർപേഴ്‌സണായിരുന്നു. 2010 ൽ പദ്മഭൂഷൺ ബഹുമതിയും 2012 ൽ കേന്ദ്ര സംഗീത നാടക അക്കാഡമിയുടെ ടാഗോർ രത്‌ന അവാർഡും ലഭിച്ചു. നർത്തകി ഡോ. നീനാ പ്രസാദ്, നടനഗ്രാമം സെക്രട്ടറി ശബ്‌ന ശശിധരൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.