കാട്ടാക്കട: കാട്ടാക്കട പബ്ലിക്ക് മാർക്കറ്റിലെ പച്ചക്കറി കച്ചവടക്കാരിയുടെ 17000 രൂപ മോഷണം പോയി. ബുധനാഴ്ച ഉച്ചയ്ക്ക് 3.30 ഓടെയാണ് സംഭവം. പന്നിയോട് സ്വദേശിയായ സരോജിനിയുടെ പഴ്‌സിൽ സൂക്ഷിച്ചിരുന്ന 17000 രൂപയാണ് കള്ളൻ കൊണ്ടു പോയത്.
കച്ചവട ആവശ്യത്തിനായി പലിശയ്ക്ക് വാങ്ങിയ പണമാണ്. പണമടങ്ങിയ പഴ്‌സിൽ വീടിന്റെ താക്കോലും ഉണ്ടായിരുന്നു. ഉച്ചതിരിഞ്ഞ് പഴ്‌സ് കാണാതായതോടെയാണ് അന്വേഷണം തുടങ്ങിയത്. മറ്റ് കച്ചവടക്കാർ കൂടെ എത്തി പരിശോധിച്ചെങ്കിലും കണ്ടെത്തിയില്ല. തുടർന്ന് കാട്ടാക്കട പൊലീസിൽ പരാതി നൽകി. മാർക്കറ്റിലെ സുരക്ഷാ കാമറകൾ ബിൽ അടയ്ക്കാത്തതിനെ തുടർന്ന് പ്രവർത്തനരഹിതമാണെന്ന് കച്ചവടക്കാർ പറയുന്നു.