kk

വർക്കല: വർക്കലയിൽ ചെള്ളുപനി ബാധിച്ച് മരിച്ച അയന്തി പന്തുവിള പറങ്കിമാംവിള വീട്ടിൽ അശ്വതിയുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ ഇന്നലെ രാവിലെ 11ഓടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. അശ്വതിയെ അവസാനായി കാണാനെത്തിയ കൂട്ടുകാരികൾ മൃതദേഹം കണ്ട് അലമുറയിട്ട് കരയുന്നത് കണ്ടുനിന്നവരെയും കണ്ണീരിലാഴ്‌ത്തി.

അശ്വതിയുടെ മരണവാർത്തയറിഞ്ഞ് സഹപാഠികളും അദ്ധ്യാപകരും നാട്ടുകാരും ജനപ്രതിനിധികളും വിവിധ സംഘടനാ ഭാരവാഹികളും പറങ്കിമാംവിള വീട്ടിലേക്ക് കഴിഞ്ഞദിവസം രാത്രിമുതൽ എത്തിയിരുന്നു. ഷാജി ദാസ് - അനിത ദമ്പതികളുടെ രണ്ട് പെൺമക്കളിൽ ഇളയകുട്ടിയാണ് അശ്വതി. എല്ലാവരോടും ചിരിച്ചമുഖത്തോടെ മാത്രമേ അശ്വതി സംസാരിക്കാറുള്ളൂവെന്ന് സഹപാഠികളും പ്രദേശവാസികളും ഒരേപോലെ പറയുന്നു.

ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിപ്പിച്ച അദ്ധ്യാപകർക്കും അശ്വതിയെ ഏറെ ഇഷ്ടമായിരുന്നു. പഠനത്തിൽ മികവ് പുലർത്തിയിരുന്ന അശ്വതി നല്ല മാർക്കോടെ പത്താം ക്ലാസ് പാസാക്കുമെന്ന് മാതാപിതാക്കൾക്ക് ഉറപ്പുനൽകിയിരുന്നു. എന്നാൽ ഫലം വരാൻ ഒരാഴ്ച മാത്രം ശേഷിക്കെ അവൾ വിടപറഞ്ഞതിന്റെ ഞെട്ടലിലാണ് കുടുംബം. വർക്കല മരക്കട മുക്കിൽ കഴിഞ്ഞ 15 വർഷമായി പിക്കപ്പ് ഓട്ടോ ഡ്രൈവറാണ് അശ്വതിയുടെ പിതാവ് ഷാജി ദാസ്. ഇയാളുടെ ഏക വരുമാനമാണ് കുടുംബത്തിനുള്ളത്. ഭാര്യ അനിതയും മക്കളായ അശ്വതിയും അഹല്യയും,​ ഷാജി ദാസിന്റെ മാതാവ് പുഷ്പാംഗിനിയും ഉൾപ്പെടുന്ന കുടുംബം അയന്തി പന്തുവിളയിലുള്ള എട്ട് സെന്റിലെ ചോർന്നൊലിക്കുന്ന കൂരയിലാണ് താമസിക്കുന്നത്. ഷീറ്റുകൊണ്ട് പാകിയ വീട് ഏതുനിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലാണ്.

ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ഈ കുടുംബം താമസിക്കുന്നത്. ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയിട്ട് പത്തുവർഷം കഴിഞ്ഞിട്ടും അടച്ചുറപ്പുള്ള ഒരു വീട് സ്വന്തമാക്കാൻ ഇവർക്ക് കഴിഞ്ഞില്ല. മറ്റ് കൂട്ടുകാരികളെപ്പോലെ അടച്ചുറപ്പുള്ള വീട്ടിൽ കഴിയണമെന്ന് എപ്പോഴും പറയാറുള്ള അശ്വതി ആ മോഹവും ബാക്കിയാക്കിയാണ് യാത്രയായത്. പഠിച്ച് സർക്കാർ ജോലി സ്വന്തമാക്കണമെന്നായിരുന്നു അശ്വതിയുടെ ആഗ്രഹം. സഹോദരി അഹല്യ പ്ലസ്ടു പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണ്. കൂട്ടുകാരിയെപ്പോലെയായിരുന്ന അശ്വതിയുടെ വേർപാട് അഹല്യയ്ക്ക് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല.

ഒ.എസ്‌. അംബിക എം.എൽ.എ, വി. ജോയി എം.എൽ.എ, ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്‌. ശശികല, ബി.ജെ.പി നേതാവ് തോട്ടയ്ക്കാട് ശശി തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹിക - സാംസ്കാരിക സംഘടനാ നേതാക്കളും പ്രവർത്തകരും അശ്വതിയുടെ വീട്ടിലെത്തി ആദരാഞ്ജലിയർപ്പിച്ചു.

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ

സ്ഥിതിഗതികൾ വിലയിരുത്തി

വർക്കല: അശ്വതിയുടെ വീട്ടിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്നാണ് പാരിപ്പള്ളി മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഹെഡ്, തിരുവനന്തപുരം മെഡിക്കൽ വിഭാഗം എപ്പിഡെർമോളജിസ്റ്റ്,​ ചെറുന്നിയൂർ പ്രാഥമികാരോഗ്യകേന്ദ്രം ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘം വീട്ടിലെത്തിയത്. അശ്വതിയുടെ മാതാപിതാക്കളുടെയും സഹോദരിയുടെയും ഉൾപ്പെടെ ആറുപേരുടെ രക്തസാമ്പിളുകൾ ആരോഗ്യവിഭാഗം ശേഖരിച്ചിട്ടുണ്ട്. വിശദമായ പരിശോധനയ്ക്കായി രക്തസാമ്പിൾ ലാബിലേക്ക് അയയ്ക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.