തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന പ്രതിഷേധം യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ ഉദ്‌ഘാടനം ചെയ്‌തു.
ഡോളർ കടത്ത് വിവാദത്തിൽ മുഖ്യമന്ത്രിയെ മനഃപൂർവം തേജോവധം ചെയ്യുന്നു എന്നുപറയുന്നവർ അന്ന് സോളാർ കേസിൽ ഉമ്മൻചാണ്ടിയെ തേജോവധം ചെയ്‌തത് മറന്നുപോയോ എന്ന് ഹസൻ പരിഹസിച്ചു. അന്വേഷണത്തിൽ പുരോഗതിയില്ലാത്തത് കേന്ദ്ര -സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള അന്തർധാരയുടെ തെളിവാണ്. തെറ്റ് ചെയ്‌തിട്ടില്ലെന്ന് ഉറപ്പാണെങ്കിൽ സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളെ ധൈര്യത്തോടെ നേരിടാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ഹസൻ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.എസ്. ശബരിനാഥൻ, എൻ.എസ്. നുസൂർ, എസ്.എം. ബാലു, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷാ പാലോട്, സംസ്ഥാന - ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
അതിരുകടന്ന് പ്രതിഷേധം;
ലാത്തിവീശി പൊലീസ്
സെക്രട്ടേറിയറ്റിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസുമായുള്ള സംഘർഷത്തിൽ ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാന് പരിക്കേറ്റു. പ്രതിഷേധം കടുത്തതോടെയാണ് പൊലീസ് ലാത്തി വീശിയത്. നോർത്ത് ഗേറ്റിൽ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ചു.
സൗത്ത് ഗേറ്റിന് സമീപത്തായി സ്ഥാപിച്ചിരുന്ന മുഖ്യമന്ത്രിയുടെ ഫ്ലക്‌സ് പ്രവർത്തകർ തകർത്തു. പൊലീസുകാരെ കസേര എറിഞ്ഞ് ആക്രമിക്കാനും പ്രവർത്തകർ ശ്രമിച്ചു. സമീപത്തെ കടകളിലേക്ക് ഓടിക്കയറിയ പ്രവർത്തകരെ പൊലീസ് അസഭ്യം പറഞ്ഞെന്നും പിന്തുടർന്ന് മർദ്ദിച്ചെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. പരിക്കേറ്റ സുഹൈൽ ഷാജഹാൻ പട്ടം എസ്.യു.ടി ആശുപത്രിലെ ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങി.