
തിരുവനന്തപുരം: ചലച്ചിത്ര ടെലിവിഷൻ കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും സംഘടനയായ കോൺടാക്ട് കേരള ചലച്ചിത്ര അക്കാഡമിയുടെയും ഭാരത് ഭവന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച 14-ാമത് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ എസ്. അനീഷ് കുമാർ സംവിധാനം ചെയ്ത ഉടുപ്പ് മികച്ച ഷോർട്ട്ഫിലിമായി തിരഞ്ഞെടുക്കപ്പെട്ടു. കോടെക്സ് മീഡിയയാണ് നിർമ്മാണം. വറീതേട്ടൻ സിൻസ് 1980സിലെ അഭിനയത്തിലൂടെ സേവ്യർ മനക്കത്തറയിൽ മികച്ച നടനായും രണ്ടാം പ്രതിയിലെ കഥാപാത്രത്തിലൂടെ വിജയകുമാരി മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകൻ: സതീഷ് ബാബു.ജി (രണ്ടാം പ്രതി), തിരക്കഥ: അഖിലേഷ് നാരായണൻ, അജിത് കർമ്മ (മണിബന്ധം), ഛായാഗ്രഹണം: സമീർ ഹഖ് (അനയം). ബാലനടി: കാർത്തി വി.എസ് (ഉടുപ്പ്), ബാലനടൻ: അദിത് പ്രസാദ് (ഡോഗ് ബ്രദേഴ്സ്), മ്യൂസിക്കൽ ആൽബം: തേൻമാവ് (നിർമ്മാണം: പദ്മിനി എം. സംവിധാനം: രാജേഷ് ടി.പി), മികച്ച പരസ്യചിത്രം: ഫിനിക്സ് ലേണിംഗ് ആപ്പ് (നിർമ്മാണം, സംവിധാനം: സലാം ബാപ്പു), മികച്ച ഡോക്യുമെന്ററി: എ ടെച്ച് ഓഫ് കംപാഷൻ, (നിർമ്മാണം,സംവിധാനം: ഹബീബ് റാവുത്തർ), മിനി ഫിലിം: ഇ.എം.ഐ (നിർമ്മാണം: രഞ്ജിത്ത് രാജൻ പുളിയനം, സംവിധാനം: പ്രഭാത് മാമ്പാറ), ജനപ്രീതി നേടിയ ചിത്രം: വറീതേട്ടൻ സിൻസ് 1980സ്.
തിരക്കഥ രചനാ മത്സരത്തിൽ ഒന്നാം സമ്മാനം ദർശൻ.കെ രചിച്ച ചാരുവും രണ്ടാം സമ്മാനം അർഷാദ് ചാവക്കാടിന്റെ ഒരു ഫ്രീക്കൻ ശവത്തിന്റെ കഥയും, മൂന്നാം സമ്മാനം മധു കണ്ണഞ്ചിറയുടെ കഴവും നേടി. വിജയികൾക്കുള്ള അവാർഡുകൾ പ്രമുഖ ഛായാഗ്രാഹകനും ചലച്ചിത്ര സംവിധായകനുമായ വിപിൻ മോഹനും ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂരും ചേർന്ന് സമ്മാനിച്ചു. കോൺടാക്ട് പ്രസിഡന്റ് മുഹമ്മദ് ഷാ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.ആർ. ചന്ദ്രൻ, ജൂറി ചെയർമാൻ വിജയകൃഷ്ണൻ, ഭാരവാഹികളായ ആശാ നായർ, വിനീത് അനിൽ, രത്നകുമാർ, സജിത വി.ആർ, റഹിം പനവൂർ, രമേശ് അമ്മനത്ത്, ഗോപൻ പനവിള തുടങ്ങിയവർ പങ്കെടുത്തു.