jilla

കല്ലമ്പലം: കയർ വ്യവസായ പുരോഗതിക്കായി അടിസ്ഥാനപരമായ മാറ്റം അനിവാര്യമാണെന്ന് മന്ത്രി പി.രാജീവ്. ട്രാവൻകൂർ കയർ തൊഴിലാളി യൂണിയന്റെ 48ാമത് വാർഷിക സമ്മേളനത്തോടനുബന്ധിച്ച് കവലയൂർ ഗുരുമന്ദിരം ഹാളിൽ വ്യവസായ സെമിനാറും വിവിധ മേഖലകളിലുള്ളവരെ ആദരിക്കലും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സർക്കാർ വൻ സാമ്പത്തിക സഹായം നൽകുന്നുണ്ടെങ്കിലും അതിനുതക്ക മാറ്റമോ തൊഴിലാളികൾക്ക് സാമ്പത്തിക നേട്ടമോ ഉണ്ടാകുന്നില്ല. ഇതിനു മാറ്റം വരുത്താൻ അടിയന്തര നടപടി സ്വീകരിച്ച് അടിയന്തര സഹായങ്ങൾ നൽകുമെന്നും മന്ത്രി പറഞ്ഞു. 50 വർഷം കയർസെന്ററിന്റെ ജനറൽ സെക്രട്ടറിയായും പ്രസിഡന്റായും കയർ തൊഴിലാളികൾക്കായി പ്രവർത്തിക്കുന്ന ആനത്തലവട്ടം ആനന്ദനെ ആദരിച്ചു. അദ്ദേഹത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി മുൻ മന്ത്രി ടി.എം. തോമസ് ഐസക്ക് പ്രകാശനം ചെയ്തു. ആദ്യകാല ട്രേഡ് യൂണിയൻ നേതാക്കളെ ആനത്തലവട്ടം ആനന്ദനും, 100 വർഷം പൂർത്തീകരിച്ച കയർ ഉത്പാദക കുടുംബങ്ങളിലുള്ളവരെ വി. ജോയി എം.എൽ.എയും ആദരിച്ചു . യൂണിയൻ ജില്ലാ പ്രസിഡന്റ് ആർ. സുഭാഷ് അദ്ധ്യക്ഷനായി. കെ.കെ. ഗണേശൻ, ഒ.എസ്. അംബിക എം.എൽ.എ, അഡ്വ.എ. ഷൈലജാ ബീഗം, അഡ്വ.എസ്. ഷാജഹാൻ, അഡ്വ.എൻ. സായികുമാർ, അഞ്ചുതെങ്ങ് സുരേന്ദ്രൻ,അഡ്വ. സ്മിതാ സുന്ദരേശൻ, വി. പ്രിയദർശിനി, വി. സത്യദേവൻ, എ. നഹാസ്, സുരേഷ് ബാബു, അനിൽകുമാർ, വി. സുധീർ,മുഹമ്മദ് റിയാസ് തുടങ്ങിയവർ പങ്കെടുത്തു. ഇന്ന് പ്രതിനിധി സമ്മേളനം സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും.