വെള്ളനാട്: അരുവിക്കര - വെള്ളനാട്‌ റോഡിന് ശാപമോക്ഷമാകുന്നു.കിഫ്ബി 410 കോടി രൂപ ചെലവിട്ട് ബി.എം ബി.സി നിലവാരത്തിൽ റോഡ് പണി ചെയ്യുന്നതിന് പ്രോജക്ട് അനുമതി ലഭിച്ചിരുന്നു. സ്ഥലമേറ്റെടുക്കൽ ഉൾപ്പടെയുള്ള പ്രവൃത്തികൾ ഇതിലുൾപ്പെട്ടിരിക്കുന്നതിനാൽ റോഡ് പണി യഥാസമയം ആരംഭിക്കുന്നതിന് കഴിഞ്ഞിരുന്നില്ല. ഇതിനിടെ രണ്ട് മഴക്കാലം വന്നതോടെ റോഡ് കൂടുതൽ തകർന്ന അവസ്ഥയിലായി.റോഡ് പണിക്ക് കാലതാമസം നേരിടുമെന്നതിനാൽ മെയിന്റനൻസ് അടിയന്തരമായി പൂർത്തീകരിക്കുകയും ചെയ്തു.രണ്ടാമത്തെ റീച്ചായ അരുവിക്കര മുതൽ കുളക്കോട് വരെയുള്ള റോഡിനെ സംസ്ഥാന ഗവൺമെന്റ് പുതിയതായി ആവിഷ്കരിച്ച് നടപ്പിലാക്കുന്ന എഫ്.ഡി.ആർ എന്ന ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് തിരുവനന്തപുരം ജില്ലയിൽ നവീകരിക്കുന്ന അഞ്ച് റോഡുകളിൽ ഒന്നായി പരിഗണിക്കുകയും 11 കോടി രൂപ ഇതിനായി അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ടെന്റർ നടപടികളിലേക്ക് കടന്നതായി അഡ്വ.ജി.സ്റ്റീഫൻ.എം.എൽ.എ അറിയിച്ചു.