കാട്ടാക്കട:ചൂണ്ടുപലക മുതൽ നെയ്യാർഡാം വരെയുള്ള റോഡ് നവീകരണത്തിന് മൂന്നര കോടി രൂപ അനുവദിച്ചതായി ജി.സ്റ്റീഫൻ എം.എൽ.എ അറിയിച്ചു. കിഫ്ബി മുഖേന 58.93 കോടി രൂപ ചെലവിട്ട് ബി.എം - ബി.സി നിലവാരത്തിൽ റോഡ് പണി ചെയ്യുന്നതിന് പ്രോജക്ട് അനുമതി ലഭിച്ചിരുന്നു. എന്നാൽ തലസ്ഥാന നഗരിയിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനുള്ള ഒരു പ്രധാന പ്രോജക്ടിനും സർക്കാർ അംഗീകാരം നൽകി. ഇതിലേക്കായുള്ള പൈപ്പ് ലൈൻ കടന്നുപോകുന്നതും ഈ റോഡിലൂടെയാണ്.
രണ്ട് മേജർ പ്രോജക്ടുകൾ ഒരേ സമയം നടപ്പിലാക്കുന്നതിലുണ്ടായ സാങ്കേതിക തടസങ്ങൾ കാരണം റോഡ് പണി യഥാസമയം ആരംഭിക്കുന്നതിന് കഴിഞ്ഞിരുന്നില്ല. ഇതിനിടെ മഴക്കാലത്ത് റോഡ് കൂടുതൽ തകർന്ന അവസ്ഥയിലായി. ഈ സാഹചര്യത്തിൽ തത്കാലത്തേക്ക് നോഡ് മെയിന്റനൻസ് അടിയന്തരമായി നടത്തുന്നതിന് സർക്കാർ 30.70 ലക്ഷം രൂപ കഴിയടയ്ക്കുന്നതിന് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ടെന്റർ നടപടികൾ പൂർത്തീകരിക്കുകയും പണി ഉടൻ ആരംഭിക്കുകയും ചെയ്യും.എന്നാൽ ഈ കുഴിയടയ്ക്കൽ കൊണ്ട് മാത്രം തിരക്കേറിയ ഈ റോഡ് പൂർണമായും ഗതാഗതയോഗ്യമാക്കാൻ കഴിയില്ലെന്നിരിക്കെ എം.എൽ.എയുടെ അഭ്യർത്ഥന പ്രകാരം കഴിയടയ്ക്കൽ പണികൾക്കുശേഷം ഒരു ബി.സി ലേ ഓവർ കൂടി ചെയ്യുന്നതിന് കിഫ്ബിയിൽ നിന്ന് 3.50 കോടി രൂപയും അനുവദിച്ചതായി എം.എൽ.എയുടെ അറിയിപ്പിൽ പറയുന്നു.