p

തിരുവനന്തപുരം: ലോറികളിൽ അമിതഭാരം കയറ്റിയതിന് പിഴ ഈടാക്കാതെ ഡ്രൈവർമാരിൽ നിന്ന് കൈക്കൂലി വാങ്ങി പെറ്റി കേസ് മാത്രം ചുമത്തി വിട്ടയച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കള്ളക്കളി പൊളിച്ച് വിജിലൻസിന്റെ ഓപ്പറേഷൻ ഓവർലോഡ് പരിശോധന.

ബുധനാഴ്‌ച രാത്രി 11.30 മുതൽ ഇന്നലെ പുലർച്ചെ വരെ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 84 ലോറികളാണ് പിടിച്ചത്. പെർമിറ്റിനേക്കാൾ 23 ടൺ വരെ അധികം തടി കയറ്റിയതിന് 10 ലക്ഷം രൂപ പിഴ ഈടാക്കി. 38 ലോറികൾ മോട്ടോർ വാഹന വകുപ്പിന് കൈമാറി.

84 ലോറികളിൽ ഒന്നിനും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അമിതഭാരത്തിന് പിഴ ഈടാക്കിയിരുന്നില്ല. പകരം ലൈറ്റ് ഡിം ചെയ്തില്ല,​ മിറർ ഇല്ല തുടങ്ങിയ പെറ്റി കേസുകൾ മാത്രമാണ് ചുമത്തിയതെന്ന് വിജിലൻസ് കണ്ടെത്തി. മിക്ക ലോറികളിലും പെർമിറ്റിനെക്കാൾ കൂടിയ അളവിൽ തടികൾ കയറ്റിയിരുന്നു. ഇന്നലെ മാത്രം കോട്ടയം (14)​, കൊല്ലം (11)​, ഇടുക്കി (10)​, എറണാകുളം, കോഴിക്കോട് (8 വീതം)​,​ ആലപ്പുഴ, തൃശൂർ (5 വീതം)​,​ കണ്ണൂർ, കാസർകോട് (7 വീതം)​, മലപ്പുറം, പത്തനംതിട്ട (3 വീതം)​, വയനാട് (2)​,​ തിരുവനന്തപുരം (1)​ വാഹനങ്ങൾ പിടിച്ചെടുത്തു. വിജിലൻസ് ഡയറക്ടർ എം.ആർ. അജിത്കുമാറിന്റെ നിർദ്ദേശ പ്രകാമായിരുന്നു പരിശോധന. വിജിലൻസ് ഐ.ജി എച്ച്. വെങ്കിടേഷിന്റെ മേൽനോട്ടത്തിൽ ഇന്റലിജൻസ് സൂപ്രണ്ട് ഇ.എസ്. ബിജുമോൻ, തെക്കൻ മേഖല സൂപ്രണ്ട് ജയശങ്കർ, മദ്ധ്യമേഖല സൂപ്രണ്ട് ഹിമേന്ദ്രനാഥ്, കിഴക്കൻ മേഖല സൂപ്രണ്ട് വിനോദ് കുമാർ, വടക്കൻ മേഖല സൂപ്രണ്ട് ജീവൻ എന്നിവർ നേതൃത്വം നൽകി.