1

വിഴിഞ്ഞം: വെങ്ങാനൂർ ഗവ. മോഡൽ എച്ച്.എസ്.എസിൽ എഫ്.എസ്.എ (ഫുഡ് സെക്യൂരിറ്റി അലവൻസ്) പദ്ധതി അനുസരിച്ച് കുട്ടികൾക്ക് വിതരണത്തിനു സൂക്ഷിച്ചിരുന്ന 40 ചാക്ക് അരിയിൽ പുഴു. ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് പുഴു സാന്നിദ്ധ്യമുള്ള അരി കണ്ടെത്തിയത്. ഫുഡ് സേഫ്ടി ഓഫീസർമാരായ സി.വി.ജയകുമാർ, പി.എസ്.അനിത എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ നടത്തിയ പരിശോധനയിലാണ് ഗോഡൗണിൽ സൂക്ഷിച്ചിരുന്ന അരിയിൽ പുഴു കണ്ടത്.

സ്കൂളിൽ ഫുഡ് സേഫ്ടി റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഇല്ലായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. സ്കൂളിലെ ഉച്ചഭക്ഷണത്തിനു സൂക്ഷിച്ച ഭക്ഷ്യശേഖരത്തിൽ പ്രശ്നങ്ങളില്ല. സ്കൂളിലെ അടുക്കളയും വൃത്തിയുള്ളതായിരുന്നു. പുഴു കണ്ടെത്തിയ ഭക്ഷ്യധാന്യ ശേഖരം മാവേലി സ്റ്റോറിലേക്ക് തിരികെ നൽകാൻ നിർദേശിച്ചതായി അധികൃതർ പറഞ്ഞു. അരി,കുടിവെള്ളം എന്നിവയുടെയും സാംപിളുകൾ പരിശോധനക്കായി ശേഖരിച്ചു. വൈകുന്നേരത്തോടെ പുഴു കണ്ടെത്തിയ അരി തിരികെ ഏൽപ്പിച്ച് പകരം പുതിയത് എത്തിച്ചതായി പി.ടി.എ നേതൃത്വം അറിയിച്ചു.