
പാറശാല: ബംഗളൂരുവിൽ നടന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനികളുടെ യോഗത്തിൽ തിളങ്ങി പാറശാലയിലെ ഗ്രാമസമൃദ്ധി. എഫ്.പി.ഒ സംസ്ഥാനങ്ങളിൽ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ രൂപം കൊടുത്ത പദ്ധതിയായ ഗ്രാമസമൃദ്ധി കേരളത്തിലെ സിസയ്ക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്. ബംഗളൂരൂവിൽ നടന്ന കോൺഫറൻസിൽ സിസയെ പ്രതിനിധീകരിച്ച് സിസയുടെ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ സ്റ്റേറ്റ് ഇൻ ചാർജും മുൻ അഗ്രി.ജോയിന്റ് ഡയറക്ടറുമായ സുരേഷ് ബാബു പദ്ധതി വിശദീകരണവും, സി.ഇ.ഒ ജ്യോതി റിപ്പോർട്ടും അവതരിപ്പിച്ചു.
ബംഗളൂരു ജി.കെ.വി.കെ യൂണിവേഴ്സിറ്റി ഒഫ് അഗ്രിക്കൾച്ചർ സയൻസ് കാമ്പെസിലെ ഡോ. ബാബു രാജേന്ദ്ര പ്രസാദ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന കോൺഫറൻസിൽ കേന്ദ്ര കാർഷിക സഹമന്ത്രിമാരായ ശോഭ കരന്തജെ, കൈലാഷ് ചൗധരി, കർണാടക കൃഷി മന്ത്രി ബി.സി. പാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.