
ശ്രീകാര്യം: ഷാൾ ബൈക്കിൽ കുരുങ്ങി റോഡിൽ തലയടിച്ചു വീണ് വീട്ടമ്മ മരിച്ചു. ശ്രീകാര്യം എൻജിനീയറിംഗ് കോളേജിനു സമീപം ചിറവിള ആയില്യ ഭവനിൽ ഷീജാകുമാരി (46)ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി എട്ടരയോടെ പോത്തൻകോടിന് സമീപം നന്നാട്ടുകാവിൽ ബന്ധുവിന്റെ കുഞ്ഞിന്റെ ജന്മദിന ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടം. വീടിനോട് ചേർന്ന് നടത്തുന്ന ഹോംസ്റ്റേയിൽ താമസിക്കുന്ന എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിയുടെ ബൈക്കിൽ സഞ്ചരിക്കുമ്പോൾ ഷാളിന്റെ ഒരറ്റം പിന്നിലെ വീലിൽ കുരുങ്ങി വീഴുകയായിരുന്നു. ഷീജയുടെ മക്കളായ അമൃതയും അമലയും മറ്റൊരു സ്കൂട്ടറിൽ പിന്നാലെ വരുന്നുണ്ടായിരുന്നു. ഷീജയെ സ്വകാര്യ ആശുപത്രിയിലും മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭർത്താവ്: പരേതനായ കർമ്മ ചന്ദ്രൻ. സഞ്ചയനം ചൊവ്വാഴ്ച.