വിതുര: മലയോരമേഖല വീണ്ടും പനിയുടെ പിടിയിലാകുമ്പോൾ അനുദിനം രോഗബാധിതരുടെ എണ്ണം വർദ്ധിക്കുകയാണ്. ഇതിൽ ഏറ്റവും കൂടുതൽ കുട്ടികളാണ്. പനി, ജലദോഷം, തുമ്മൽ, തൊണ്ടവേദന, ചുമ, ശരീരവേദന, ശർദ്ദിൽ, വയറിളക്കം എന്നീ രോഗങ്ങളാണ് പ്രധാനമായും പടരുന്നത്.

വിതുര ഗവ. താലൂക്ക് ആശുപത്രി, തൊളിക്കോട്, മലയടി കുടുംബാരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽ രോഗം ബാധിച്ചെത്തുന്നവരുടെ എണ്ണം ഉയർന്നുവരികയാണ്. ആയുർവേദ, സ്വകാര്യ ആശുപത്രികളിലെ അവസ്ഥയും വിഭിന്നമല്ല. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അനവധി പേർ തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. അരുവിക്കരനിയോജകമണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും പനി വ്യാപിച്ചതായാണ് വിവരം. ആദിവാസി, തോട്ടം മേഖലകളിലും രോഗം വ്യാപിച്ചിട്ടുണ്ട്. ആദിവാസി, തോട്ടം മേഖലകളിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കണമെന്നും, സൗജന്യറേഷൻ നൽകണമെന്നുമുള്ള ആവശ്യം ശക്തമായിട്ടുണ്ട്. നേരത്തെ മലയോരമേഖലയിൽ കൊവിഡ് വ്യാപനം രൂക്ഷമായിരുന്നു. അനവധി പേരുടെ ജീവൻ കൊവിഡ് കവർന്നെടുത്തിരുന്നു.

കൂടുതലും വിദ്യാർത്ഥികൾ

ആശുപത്രികളിൽ രോഗം ബാധിച്ചെത്തുന്നവരിൽ ഭൂരിഭാഗവും കുട്ടികളാണ്. വിദ്യാർത്ഥികൾക്കിടയിൽ രോഗം വ്യാപിച്ചതോടെ സ്കൂളുകളിൽ ഹാജർനില കുറഞ്ഞുവരികയാണ്. ഇതിനിടയിൽ മലയോരമേഖലയിലെ ചില പഞ്ചായത്തുകളിൽ തക്കാളിപ്പനി പിടികൂടിയതിനെ തുടർന്ന് അനവധി പേർ ചികിത്സതേടിയെത്തിയിരുന്നു. അതേസമയം പനിക്കൊപ്പം വീണ്ടും കൊവിഡ് പിടിമുറുക്കുന്നതായും സൂചനയുണ്ട്. ആശുപത്രികളിൽ കൊവിഡ് ബാധിച്ചെത്തുന്നവരുടെ എണ്ണവും ഉയരുകയാണ്. അതേസമയം രോഗം പടരുമ്പോഴും പ്രതിരോധപ്രവർത്തനങ്ങൾ പഴയപടി തന്നെ.

പ്രതിരോധം വേണം

ടൂറിസം മേഖലകളിലെ സ്ഥിതിയും വിഭിന്നമല്ല. അടിയന്തരനടപടികൾ സ്വീകരിക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രതിരോധപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. മലയോരമേഖലയിൽ വർദ്ധിച്ചുവരുന്ന പനി ഉൾപ്പടെയുള്ള രോഗങ്ങൾ തടയുന്നതിനായി സത്വരനടപടികൾ സ്വീകരിക്കണമെന്ന് ഫെഡറേഷൻസ് ഒഫ് റസിഡന്റ്സ് അസോസിയേഷൻ വിതുര മേഖലാകമ്മിറ്റി ആവശ്യപ്പെട്ടു. അടിയന്തരനടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് ഫ്രാറ്റ് വിതുര മേഖലാപ്രസിഡന്റ് ജി.ബാലചന്ദ്രൻനായരും, സെക്രട്ടറി തെന്നൂർഷിഹാബും അറിയിച്ചു.