medi

തിരുവനന്തപുരം: ജില്ലാ ആശുപത്രികളെ മെഡിക്കൽ കോളേജാക്കാനുള്ള കേന്ദ്രപദ്ധതിയിൽ ഉൾപ്പെടുത്താൻ കേരളം വീണ്ടും അപേക്ഷ നൽകും. വയനാട്ടിലെ മാനന്തവാടി ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജാക്കണമെന്നാണ് ആവശ്യപ്പെടുക. എൻഡോസൾഫാൻ ദുരിതബാധിതരുള്ള കാസർകോട്ട് ബദിയടുക്കയിലെ പുതിയ മെഡിക്കൽ കോളേജിന് കേന്ദ്രസഹായവും തേടും.
ജില്ലാ, റഫറൽ ആശുപത്രികളിൽ പുതിയ മെഡിക്കൽ കോളേജുകൾ നിർമ്മിക്കാനുള്ള കേന്ദ്രപദ്ധതി പ്രകാരം തമിഴ്നാടിന് 2145 കോടി രൂപ നൽകിയ കേന്ദ്രം, കേരളത്തിന്റെ അപേക്ഷ പരിഗണിക്കുന്നില്ലെന്ന് 'കേരളകൗമുദി' റിപ്പോർട്ട് ചെയ്‌തിരുന്നു. തുടർന്നാണ് ഒരുവർഷം മുൻപ് നിരസിച്ച അപേക്ഷ പുതുക്കി അയയ്ക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.

കേന്ദ്രപദ്ധതിയിൽ 11മെഡിക്കൽ കോളേജുകളാണ് തമിഴ്നാട്ടിൽ ഒറ്റയടിക്ക് ആരംഭിച്ചത്. ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രികളോട് ചേർന്ന് മെഡിക്കൽ കോളേജുകൾ ആരംഭിച്ചതോടെ 1450 എം.ബി.ബി.എസ് സീറ്റുകൾ സർക്കാർ മേഖലയിൽ ലഭ്യമായി. ഇതോടെ നിർദ്ധന വിദ്യാർത്ഥികൾക്ക് ചുരുങ്ങിയ ചെലവിൽ പഠിക്കാനും സൗകര്യമൊരുങ്ങി. 11മെഡിക്കൽ കോളേജുകൾക്കായി 4080 കോടി രൂപയാണ് അവിടെ ചെലവിട്ടത്. 2145കോടി രൂപ കേന്ദ്രസർക്കാരും ബാക്കി തമിഴ്നാട് സർക്കാരുമാണ് നൽകിയത്.

മെഡിക്കൽ കോളേജ് ഇല്ലാത്ത ജില്ലകൾക്കാണ് പദ്ധതിയിൽ മുൻഗണന.

അതിനാലാണ് വയനാട് മെഡിക്കൽ കോളേജിന് സർക്കാർ അപേക്ഷിച്ചത്. ഇപ്പോൾ പരിഗണിക്കാനാവില്ലെന്ന് കാട്ടിയാണ് അപേക്ഷ കേന്ദ്രം തള്ളിയത്. കേന്ദ്രസഹായം പ്രതീക്ഷിച്ച് മാനന്തവാടി ജില്ലാ ആശുപത്രിയെ താത്കാലികമായി മെഡിക്കൽ കോളേജാക്കി ഉയർത്തിയിരുന്നു. ജില്ലാ ആശുപത്രിക്ക് 8.74ഏക്കർ ഭൂമി മാത്രമേ ഉള്ളൂ എന്നതിനാൽ ബോയ്സ് ടൗണിൽ ഗ്ലെൻലോവൻ എസ്‌റ്റേറ്റിൽ നിന്ന് സർക്കാർ ഏറ്റെടുത്ത 65ഏക്കർ മെഡിക്കൽ കോളേജിനായി കൈമാറിയിട്ടുണ്ട്. 125അദ്ധ്യാപക, 15അനദ്ധ്യാപക തസ്തികകളും സൃഷ്ടിച്ചു. 500കിടക്കകളുള്ള ആശുപത്രിയും അനുബന്ധ സൗകര്യങ്ങളും നിർമ്മിക്കണം. 150എം.ബി.ബി.എസ് വിദ്യാർത്ഥികൾക്കുള്ള സൗകര്യങ്ങളാണ് ഒരുക്കേണ്ടത്.

4200

എം.ബി.ബി.എസ് സീറ്റുകളാണ് സംസ്ഥാനത്തുള്ളത്

1455

സീറ്റുകളാണ് ഗവ. കോളേജുകളിൽ, ഫീസ് 25,000രൂപ മാത്രം

2745

സീറ്റുകൾ 19സ്വാശ്രയകോളേജുകളിലും കൽപ്പിത സർവകലാശാലയിലും