p

തിരുവനന്തപുരം : സർക്കാരിന്റെ ലൈഫ് പാർപ്പിട പദ്ധതിയുടെ രണ്ടാംഘട്ട കരട് പട്ടികയിൽ അപേക്ഷിച്ചിട്ടും ഉൾപ്പെടാത്തവർക്ക് ആശങ്കവേണ്ട. രണ്ടുഘട്ടമായി പരാതി നൽകാം. ഇവയെല്ലാം തീർപ്പാക്കിയ ശേഷമാകും ആഗസ്റ്റ് 16ന് അന്തിമപട്ടിക പ്രസിദ്ധീകരിക്കുക. 5,14,381പേരുടെ കരട് പട്ടികയാണ് പ്രസിദ്ധീകരിച്ചത്. 9,20,260പേരാണ് അപേക്ഷിച്ചത്.വാർഡ്, ജില്ലാതല പരിശോധനയിലാണ് 4,05,279 പേർ പുറത്തായത്. പട്ടികയിൽ ഉൾപ്പെടുത്താൻ കാരണസഹിതം പരാതി സമർപ്പിച്ചാൽ പരിഗണിക്കും. കരട് പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും www.life2020.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്. ഇത് പരിശോധിച്ച ശേഷം ആദ്യം പരാതി നൽകേണ്ടത് ഗ്രാമ പഞ്ചായത്തുകളിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും നഗരസഭകളിൽ നഗരരസഭാ സെക്രട്ടറിക്കുമാണ്. ഈമാസം 17വരെയാണ് സമയം. ജൂലായ് ഒന്നിന് രണ്ടാം കരട് പട്ടിക പ്രസിദ്ധീകരിക്കും. ഇതിലും പരാതിയുള്ളവർക്ക് ജൂലൈ എട്ടിനകം കളക്ടർക്ക് അപ്പീൽ നൽകാം. ജൂലൈ 22ന് അന്തിമകരട് പട്ടിക പ്രസിദ്ധീകരിക്കും. ആഗസ്റ്റ് അഞ്ചിന് ഗ്രാമസഭകളുടേയും 10ന് തദ്ദേശഭരണ സമിതികളുടേയും അംഗീകാരംനേടിയ ശേഷമാണ് 16ന് അന്തിമ പട്ടിക പുറത്തിറക്കുക. പരാതികൾ നേരിട്ടും ഓൺലൈനായും സമർപ്പിക്കാം. ഇതിനായി തദ്ദേശ സ്ഥാപനങ്ങളിൽ ഹെൽപ് ഡെസ്‌കുണ്ടാകും.

കരടിൽ ഉൾപ്പെട്ടവർ

പൊതുവിഭാഗം

ഭൂമിയുള്ളവർ 2,55,425

ഭൂമിയില്ലാത്തവർ 1,39,836

പട്ടികജാതി

ഭൂമിയുള്ളവർ 60,744

ഭൂമിയില്ലാത്തവർ 43,213

പട്ടികവർഗം

ഭൂമിയുള്ളവർ 11,872

ഭൂമിയില്ലാത്തവർ 3,291

'പരാതികൾ പരിഹരിച്ച് അർഹതയുള്ളവരെ എല്ലാം പട്ടികയിൽ ഉൾപ്പെടുത്തും. ലൈഫിൽ 2,95,006 വീടുകൾ പൂർത്തിയാക്കി. 34,374 വീടുകളുടേയും 27 കെട്ടിട സമുച്ചയങ്ങളുടേയും നിർമ്മാണം പുരോഗമിക്കുകയാണ്.'

-എം.വി.ഗോവിന്ദൻ

തദ്ദേശമന്ത്രി