തിരുവനന്തപുരം: പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് തടയാൻ 'തണൽപാത" പദ്ധതി നടപ്പാക്കുകയാണ് പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്. റോഡിന്റെ വശങ്ങൾ പൂച്ചെടികളും ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിച്ച് മനോഹരമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികൾ ഓരോ വാർഡിലും 150ഓളം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. ആകെ 97 വാർഡുകളുള്ള ബ്ലോക്ക് പഞ്ചായത്തിലെ ഓരോ വാർഡിലും തൈകൾ നനയ്ക്കുന്നതിനും പരിപാലിക്കുന്നതിനുമായി രണ്ട് തൊഴിലാളികളെ വീതം തിരഞ്ഞെടുത്തിട്ടുണ്ട്. സോഷ്യൽ ഫോറസ്ട്രി വിഭാഗമാണ് വിത്ത് നൽകിയത്. നടീൽ, നനവ്, പോഷണം, വേലികെട്ടൽ എന്നിവ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മാലിന്യം പൊതുപ്രശ്‌നം
ആളൊഴിഞ്ഞതോ വേണ്ടപോലെ സംരക്ഷിക്കപ്പെടാത്തതോ ആയ ഇടങ്ങളിലാണ് മാലിന്യനിക്ഷേപം രൂക്ഷമായിരിക്കുന്നത്. ഇതിലേറെയും റോഡരികുകളാണ്. ഇതിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് വൃക്ഷത്തൈകൾ നടുന്നത്. തണൽപ്പാത പദ്ധതിയുടെ ലക്ഷ്യവും ഇതുതന്നെ. കാർബൺ ന്യൂട്രൽ ആകാനും പദ്ധതി സഹായകമാണ്. കഴിഞ്ഞ വർഷം ഏകദേശം 35,000 വൃക്ഷത്തൈകൾ പഞ്ചായത്തിൽ നട്ടുപിടിപ്പിച്ചിരുന്നു. എന്നാൽ കൃത്യമായി പരിപാലിക്കാത്തതിനാൽ ഇവയിലേറെയും നശിച്ചു. തണൽപ്പാത പദ്ധതിയിലൂടെ ഈ കുറവുകളൊക്കെ നികത്താനാകുമെന്നാണ് പഞ്ചായത്ത് അധികൃതരുടെ പ്രതീക്ഷ.