
നിയമനടപടിക്ക് മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് ഹസ്സൻ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ ജില്ലാ കളക്ടറേറ്റുകളിലേക്ക് നടത്തിയ മാർച്ച് പലയിടത്തും സംഘർഷത്തിൽ കലാശിച്ചു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലേക്കായിരുന്നു മാർച്ച്.
കൊല്ലത്ത് പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. കണ്ണൂരിൽ ജലപീരങ്കി പ്രയോഗിച്ച പൊലീസിനെതിരെ പ്രവർത്തകർ ചെരുപ്പുകളും കുപ്പിയുമെറിഞ്ഞു. എറണാകുളത്തും സംഘർഷവും ജലപീരങ്കി പ്രയോഗവുമുണ്ടായി. കോൺഗ്രസ് പ്രവർത്തക ഹസീനയ്ക്കും യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ. നോബിൾ പെരിത്തിലിനും പരിക്കേറ്റു.
മറ്റു പല ജില്ലകളിലും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
സെക്രട്ടേറിയറ്റിന് മുന്നിൽ യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനായിരുന്നു ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നതെങ്കിലും ശാരീരിക അസ്വസ്ഥതകളാൽ അദ്ദേഹം എത്തിയില്ല. സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ മൊഴി കളവാണെങ്കിൽ മാനനഷ്ടക്കേസ് നൽകാനും അതേ കോടതിയിൽ പരാതി നൽകി നിയമനടപടി സ്വീകരിക്കാനും മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് ഹസ്സൻ ചോദിച്ചു. മുഖ്യമന്ത്രി കേസ് നൽകാൻ തയ്യാറാകുന്നില്ലെങ്കിൽ അതിനർത്ഥം സ്വപ്നയുടെ വെളിപ്പെടുത്തലിൽ കഴമ്പുണ്ടെന്നാണ്.
വെളിപ്പെടുത്തലിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ആരോപിക്കുന്ന സി.പി.എം എന്തുകൊണ്ട് നിയമനടപടിക്ക് തയ്യാറാകുന്നില്ല. ജയരാജൻമാരും കോടിയേരി ബാലകൃഷ്ണനും അടങ്ങുന്ന ത്രിമൂർത്തി സംഘത്തെ കേസ് അന്വേഷിക്കാനുള്ള ചുമതല കൈമാറിയാൽ പോരായിരുന്നോയെന്നും ഹസ്സൻ പരിഹസിച്ചു.
കെ.പി.സി.സി വൈസ് പ്രസിഡന്റ് എൻ.ശക്തൻ, ട്രഷറർ വി. പ്രതാപചന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ ജി.എസ്.ബാബു, ജി.സുബോധൻ, കെ.പി. ശ്രീകുമാർ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, അടൂർപ്രകാശ് എം.പി, വി.എസ് ശിവകുമാർ, വർക്കല കഹാർ, ടി.ശരത്ചന്ദ്ര പ്രസാദ്, നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ പങ്കെടുത്തു.
കെ. സുധാകരന് നോട്ടീസ്
കളക്ടറേറ്റ് മാർച്ചിൽ സംഘർഷമുണ്ടായാൽ ശക്തമായ നടപടി നേരിടേണ്ടി വരുമെന്ന് കാണിച്ച് കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയിൽ കെ.സുധാകരന് ഇന്നലെ രാവിലെ കണ്ണൂർ സിറ്റി അസി.കമ്മിഷണർ നോട്ടീസ് നൽകിയിരുന്നു. അനുമതിയില്ലാതെ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളിൽ അക്രമമുണ്ടാകുന്നതു തടയാൻ ക്രിമിനൽ നടപടിച്ചട്ടത്തിലെ 149ാം വകുപ്പു പ്രകാരമാണ് നോട്ടീസ് നൽകിയതെന്നാണ് പൊലീസിന്റെ വിശദീകരണം.