
പാലോട്: പശ്ചിമഘട്ട മലനിരകളുടെ താഴ്‌വാരത്ത് ജൈവവൈവിദ്ധ്യത്താൽ സമ്പന്നമായ പെരിങ്ങമ്മല
പഞ്ചായത്തിലെ ഫലവൃക്ഷങ്ങളെ കുറിച്ച് ശാസ്ത്രീയപഠനം നടത്തുകയാണ് ഒരുകൂട്ടം വിദ്യാർത്ഥിനികൾ. പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ ജൈവ വൈവിദ്ധ്യ പരിപാലന സമിതിയുടെ ആഭിമുഖ്യത്തിൽ ‘പെരിങ്ങമ്മലയിലെ തേന്മരങ്ങൾ’ എന്ന പേരിൽ ഫലവൃക്ഷ വർഷാചരണം നടത്തുന്നതിന്റെ ഭാഗമായാണ് പഠനം.
കൂടുതൽ ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിച്ചു സസ്യജന്തു ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ വിസ്തൃതമാക്കുന്ന പ്രോജക്ടുകളും പഠനശേഷം പഞ്ചായത്തിന് സമർപ്പിക്കും.
അനേകം അധിനിവേശ സസ്യങ്ങളുടെ കടന്നുകയറ്റവും വിദേശ ഫലവൃക്ഷങ്ങളുടെ അമിതമായ ഉപയോഗവും തനതു സസ്യങ്ങളുടെ വളർച്ചയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് ഇവരുടെ കണ്ടെത്തൽ.
പഞ്ചായത്ത് ബയോഡൈവേഴ്സിറ്റി മാനേജ്‌മന്റ് കമ്മിറ്റി കൺവീനർ ആർ.അഭിരാമിയുടെ നേതൃത്വത്തിൽ അൽ ഹുദാ,വൈഷ്ണവി, ഫാത്തിമ,സുമയ്യ,അനുപമ എന്നിവരാണ് പഠന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. 2023 ജൂൺ 5ന് മുൻപ് പഠന റിപ്പോർട്ട് ജൈവ പരിപാലന സമിതി പഞ്ചായത്തിന് കൈമാറും.