തിരുവനന്തപുരം: കഴിഞ്ഞവർഷം സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷനായി കേന്ദ്ര ആഭ്യന്തരമന്ത്റാലയം തിരഞ്ഞെടുത്ത ഒറ്റപ്പാലം സ്റ്റേഷന് പൊലീസ് മേധാവി അനിൽകാന്ത് പുരസ്കാരം സമ്മാനിച്ചു. നിലവിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ വി.ബാബുരാജ്, കഴിഞ്ഞവർഷം സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ആയിരുന്ന ജയേഷ് ബാലൻ, എം.സുജിത്ത് എന്നിവർ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ബഹുമതി ഏറ്റുവാങ്ങി.
ഒറ്റപ്പാലം മുൻസിപ്പാലിറ്റി, ലക്കിടി പേരൂർ, അമ്പലപ്പാറ, വാണിയംകുളം, അനങ്ങനടി പഞ്ചായത്തുകൾ എന്നിവ ഉൾപ്പെടുന്നതാണ് ഒറ്റപ്പാലം സ്റ്റേഷൻ. സ്ത്രീസൗഹൃദ, ശിശുസൗഹൃദ സ്റ്റേഷനാണ്. ഇവിടെ അഞ്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥരുൾപ്പെടെ 53 പേർ ജോലിചെയ്യുന്നു. എസ്.എച്ച്.ഒയ്ക്ക് പുറമെ ട്രെയിനിംഗിനായി എത്തിയ എ.എസ്.പി ടി.കെ.വിഷ്ണു പ്രദീപ്, ഇൻസ്‌പെക്ടർമാരായ എം.സുജിത്ത്, ജയേഷ് ബാലൻ എന്നിവരാണ് 2021 ൽ സ്റ്റേഷൻ ചുമതല വഹിച്ചിരുന്നവർ.