dd

പൃഥ്വിരാജ്, നയൻതാര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അൽഫോൻസ് പുത്രൻ രചനയും സംവിധാനവും ചിത്രസംയോജനവും നിർവഹിക്കുന്ന ഗോൾഡ് സിനിമയിലൂടെ അൽഫോൻസിന്റെ ഭാര്യ അലീന മേരി സൈമൺ കാമറയ്ക്ക് മുന്നിൽ എത്തുന്നു. സൗബിൻ ഷാഹിറിനും ഗണപതിക്കും ഒപ്പം ചിത്രത്തിലെ ഗാനരംഗത്താണ് അലീന പ്രത്യക്ഷപ്പെടുന്നത്. മൂവരും ചേർന്നുള്ള ഗാനരംഗം കഴിഞ്ഞ ദിവസം ഫോർട്ട് കൊച്ചിയിൽ ചിത്രീകരിച്ചു. ആനന്ദ് സി. ചന്ദ്രനാണ് രംഗങ്ങൾ ചിത്രീകരിച്ചത്. മമ്മൂട്ടി ചിത്രം ഭീഷ്‌മപർവത്തിൽ പറുദീസ പാട്ടിന് കൊറിയോഗ്രാഫി നിർവഹിച്ച ജിഷ്ണുവാണ് നൃത്തരംഗം ചിട്ടപ്പെടുത്തിയത് . അലീന പങ്കെടുത്ത ഗാനരംഗത്തോടെയാണ് ഗോൾഡിന് പാക്കപ്പായത് . പ്രശസ്ത നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ മകളായ അലീനയുംഅൽഫോൻസും 2015ലാണ് വിവാഹിതരാവുന്നത്. ഇരുവർക്കും രണ്ടു മക്കളുണ്ട്. സമൂഹമാദ്ധ്യമത്തിൽ സജീവമായ അലീന നടി സസ്റിയയുടെ അടുത്ത കൂട്ടുകാരിയാണ്. അതേസമയം വൻ നിരയിലാണ് ഗോൾഡ് അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ വിനയ് ഫോർട്ട്, അജ്‌മൽ അമീർ, അബു സലിം, സൈജു കുറുപ്പ്, ശബരീഷ് വർമ്മ, കൃഷ്ണശങ്കർ, ദീപ്തി സതി, മല്ലിക സുകുമാരൻ, ശാന്തികൃഷ്ണ, ജഗദീഷ്, സാബുമോൻ, ഇടവേള ബാബു, പ്രേം കുമാർ, സുരേഷ് കൃഷ്ണ, ജാഫർ ഇടുക്കി, ചെമ്പൻ വിനോദ്, റോഷൻ മാത്യു, ബാബുരാജ് എന്നിവരാണ് മറ്റു താരങ്ങൾ. ചിത്രത്തിലെ ആക്‌ഷനും വിഷ്വൽ ഇഫക്ട്സും ആനിമേഷനും കളർ ഗ്രേഡിങും അൽഫോൻസ് നിർവഹിക്കുന്നു. വിശ്വജിത്ത് ഒടുക്കത്തിലും ചിത്രത്തിന്റെ ഛായാഗ്രഹകനാണ്.