ആറ്റിങ്ങൽ: 14-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ആറ്റിങ്ങൽ നഗരസഭ ജനകീയാസൂത്രണ പദ്ധതി വികസന സെമിനാർ ഇന്ന് രാവിലെ 10 മുതൽ ഗവ.ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്യും.

കഴിഞ്ഞ മാസം അവസാനത്തോടെ പൂർത്തിയാക്കിയ വാർഡ് സഭ യോഗ ആശയങ്ങളാണ് വികസന സെമിനാറിൽ ചർച്ച ചെയ്ത് തിരഞ്ഞെടുക്കുന്നത്. നഗരസഭയ്ക്ക് സ്വന്തമായി മെക്കാനിക്കൽ വർക്‌ഷോപ്പ്, കരാർ സംവിധാനം ഒഴിവാക്കി നഗരസഭ നേരിട്ട് വഴിവിളക്കുകൾ സ്ഥാപിക്കുന്ന സംവിധാനം, ലോകബാങ്കിന്റെ സഹായത്തോടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് തുടങ്ങിയ ന്യൂതന ആശയങ്ങളും സെമിനാറിൽ ചർച്ചയാവും. വികസന സെമിനാറിൽ ചർച്ച ചെയ്ത് തീരുമാനിക്കപ്പെടുന്ന പദ്ധതികൾ കൗൺസിലിന്റെ അനുമതി ലഭിച്ച ശേഷം സർക്കാരിന് സമർപ്പിക്കും.

പൊതുഭരണം, കൃഷി, ജലസേചനം, കുടിവെള്ളം, മൃഗസംരക്ഷണം, ക്ഷീരവികസനം, പ്രദേശിക സാമ്പത്തിക വികസനം, ദാരിദ്ര ലഘൂകരണം, സാമൂഹ്യ നീതി, വനിത വികസനം, പട്ടികജാതി വികസനം, ആരോഗ്യം, വിദ്യാഭ്യാസം, പൊതുമരാമത്ത്, പാർപ്പിടം, ശുചിത്വം മാലിന്യ സംസ്കരണം, നഗരാസൂത്രണം, ജൈവവൈവിധ്യ മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ സമഗ്രമായ മാറ്റം കൊണ്ടുവരാനുള്ള മാതൃകാ പ്രവർത്തനങ്ങൾ ഈ സെമിനാറിലൂടെ സാദ്ധ്യമാക്കുമെന്ന് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി പറഞ്ഞു.