
തിരുവനന്തപുരം: കോർപ്പറേഷന്റെ റോഡുകൾ സ്മാർട്ടാകുന്നതിനുള്ള കരാർ നിലവിലുള്ള എൻ.എ കൺസ്ട്രക്ഷന് വീണ്ടും നൽകരുതെന്ന് നഗരസഭ നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം മേയർ ആര്യാ രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കോർപ്പറേഷൻ പരിധിയിലെ റോഡുകളുടെ നിർമ്മാണം വൈകുന്നതിനാലാണ് ഈ കമ്പനിക്ക് കരാർ നീട്ടി നൽകേണ്ടെന്ന് നഗരസഭ തീരുമാനിച്ചത്. സ്മാർട്ട് സിറ്റിയും ഈ കരാർ എൻ.എ കൺസ്ട്രക്ഷൻസിന് നൽകരുതെന്ന് നഗരസഭയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കരാർ കമ്പനിയെ ഒഴിവാക്കണോ എന്ന തീരുമാനം എടുക്കേണ്ടത് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായുള്ള സ്മാർട്ട് സിറ്റി ബോർഡാണ്. സ്മാർട്ട് റോഡുകളുടെ ഫയൽ പരിശോധിച്ച് കരാറിനെ സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കുന്നതിന് തദ്ദേശ വകുപ്പ് സെക്രട്ടറി (നഗരകാര്യം) ബിജു പ്രഭാകറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ യോഗത്തിൽ നഗരസഭാ ഭരണസമിതി എടുത്ത തീരുമാനം തദ്ദേശ സെക്രട്ടറിക്ക് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിലും വകുപ്പിന്റെ പരിശോധനയുടെ അടിസ്ഥാനത്തിലും തദ്ദേശ സെക്രട്ടറി റിപ്പോർട്ട് തയ്യാറാക്കി സ്മാർട്ട് സിറ്റി ബോർഡിന് മുന്നിൽ സമർപ്പിക്കും. തുടർന്ന് ബോർഡാകും അന്തിമ തീരുമാനമെടുക്കുക.
കെ.ആർ.എഫ്.ബി കരാർ നീട്ടി നൽകും
സ്മാർട്ട് റോഡുകളിൽ കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) എടുത്ത റോഡുകളിലെ കരാർ ആഗസ്റ്റ് 31ന് അവസാനിക്കുമെങ്കിലും അവർക്കുതന്നെ അത് നീട്ടി നൽകാനാണ് നിലവിലെ തീരുമാനം. കെ.ആർ.എഫ്.ബിയുടെ സ്മാർട്ട് റോഡ് നിർമ്മാണത്തിൽ പുരോഗതിയുണ്ടെന്ന വിലയിരുത്തലിലാണിത്.
എന്നാൽ കരാർ നീട്ടി നൽകണമെന്ന് കരാർ കമ്പനിയും കത്ത് നൽകിയിട്ടുണ്ട്. നിലവിൽ തിരുവനന്തപുരത്തുള്ള തോപ്പിൽ കൺസ്ട്രക്ഷൻസിനാണ് റോഡിലെ കുഴികൾ മൂടാനും മറ്റു ജോലികൾക്കും സബ് കോൺട്രാക്ട് നൽകിയിരിക്കുന്നത്. അവർ സമയബന്ധിതമായി ജോലികൾ ചെയ്യുന്നുണ്ട്. 40 റോഡുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ 17 റോഡുകളുടെ പ്രവൃത്തികളാണ് നടക്കുന്നത്.
മൂടിയ കുഴികളിൽ വീണ്ടും ജോലി
ജോലികൾ പൂർത്തിയാകും മുമ്പ് കുഴിച്ച കുഴികൾ സ്കൂൾ തുറക്കുന്നതും കാലവർഷമെത്തുന്നതുമായി ബന്ധപ്പെട്ട് മൂടിയിരുന്നു. എന്നാൽ ഇവിടങ്ങളിൽ ഇനിയും ജോലികൾ ബാക്കിയാണ്. മഴ മാറുന്നത് അനുസരിച്ച് വീണ്ടും ജോലികൾ പുനരാംരംഭിക്കും. സ്മാർട്ട് റോഡിന് വേണ്ടിയുള്ള അണ്ടർ ഗ്രൗണ്ട് ഡക്ടാണ് ഇനി പണിയേണ്ടത്. ഇതുവഴിയാണ് എല്ലാ ഇലക്ട്രിക് കേബിളുകളും ഭൂമിക്കടിയിലാക്കുന്നത്. റോഡരികിലെ ഇലക്ട്രിക്ക് പോസ്റ്റുകളും കേബിളുകളും ഒഴിവാക്കി പൂർണമായും സുരക്ഷിതമായ ഗതാഗതമെന്ന ലക്ഷ്യമാണ് ഇതിനുള്ളത്. കേബിളുകൾ കടത്തിവിടുന്നതിനുള്ള തുരങ്കങ്ങളുടെ നിർമ്മാണവും ഇനി ചെയ്യേണ്ടതുണ്ട്. മഴ മാറി റോഡ് വലിയ രീതിയിൽ കുഴിക്കാതെ ജോലികൾ ചെയ്യുന്ന രീതി പ്രാവർത്തികമാക്കാനാണ് നഗരസഭ നിർദ്ദേശം നൽകിയിരിക്കുന്നത്.