
പള്ളിക്കൽ: ചികിത്സാപ്പിഴവ് മൂലം കാഴ്ച നഷ്ടപ്പെട്ട ഗൃഹനാഥൻചികിത്സാസഹായം തേടുന്നു. മടവൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് നടുവത്തേല ബിജി വിലാസത്തിൽ മോഹനക്കുറുപ്പാണ് കാഴ്ച വീണ്ടെടുക്കാൻ സുമനസുകളുടെ സഹായം തേടുന്നത്. രണ്ടുവർഷം മുമ്പ് ക്ഷയരോഗം പിടിപെട്ട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാൾ രോഗം കുറഞ്ഞതോടെ വീടിനടുത്തുള്ള മടവൂർ ചാലാംകോണം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തുടർന്നു. ഇവിടെനിന്ന് നിർദ്ദേശിച്ച മരുന്ന് കഴിച്ചതോടെയാണ് മോഹനക്കുറുപ്പിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടതെന്ന് ബന്ധുക്കൾ പറഞ്ഞു. ആശുപത്രി അധികൃതർ കൈയൊഴിഞ്ഞതോടെ ദുരിതംപേറി ജീവിക്കുകയാണ് മോഹനക്കുറുപ്പ്. ആകെയുണ്ടായിരുന്ന പത്ത് സെന്റ് സ്ഥലവും വീടും വിറ്റ് ചികിത്സ നടത്തിയെങ്കിലും കാഴ്ചശക്തി തിരിച്ചു കിട്ടിയില്ല. ഇപ്പോൾ വീടിന്റെ വാടക കൊടുക്കാൻ പോലും നിവൃത്തിയില്ലാത്ത ഇവർ തുടർചികിത്സയ്ക്കും മറ്റുമായി സുമനസുകളുടെ സഹായം തേടുകയാണ്. ഭാര്യ തുളസീഭായി അമ്മയുടെ പേരിൽ യൂണിയൻ ബാങ്കിന്റെ കിളിമാനൂർ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 68602010004062, IFSC: UBIN05686. ഫോൺ.9496655172.