road

ആര്യനാട്: ആര്യനാട് കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് മുന്നിലൂടെയുള്ള കെ.എസ്.ഇ.ബി സബ് സ്റ്റേഷനിലേക്കുള്ള റോഡ് തകർന്നു. ഈ റോഡിലൂടെയാണ് വാട്ടർ അതോറിട്ടിയുടെ ഓഫീസിലേക്ക് പോകുന്നത്.

ആര്യനാട്,വെള്ളനാട്,കുറ്റിച്ചൽ,പൂവച്ചൽ,തൊളിക്കോട്,ഉഴമലയ്ക്കൽ, വിളപ്പിൽ തുടങ്ങിയ പഞ്ചായത്തുകളിലെ ആളുകൾക്ക് വെള്ളക്കരം അടയ്ക്കണമെങ്കിൽ ആര്യനാട് വാട്ടർ അതോറിട്ടിയുടെ ഓഫീസിൽ എത്തണം. അതിനാൽ നിരവധി പേരാണ് ഈ റോഡ് വഴി സ‌ഞ്ചരിക്കുന്നത്. കെ.എസ്.ഇ.ബിയുടെ കാര്യവും വ്യത്യസ്ഥമല്ല. ഇവിടെ ഒരു സ്വകാര്യ സ്കൂളും പ്രവർത്തിക്കുന്നുണ്ട്. ഡേ കെയർ സെന്ററായി പ്രവർത്തിക്കുന്ന ഇവിടെ പ്രദേശവാസികളായ കുട്ടികളെ എത്തിക്കാനും ബുദ്ധിമുട്ടാണ്.

മഴക്കാലമായതോടെ റോഡിൽ തകർന്ന ഭാഗങ്ങളിലെല്ലാം വെള്ളംകെട്ടി കാൽനടയാത്ര പോലും ദുഷ്കരമാണ്.

ആര്യനാട് ഗ്രാമപഞ്ചായത്ത് ഈ റോഡിന്റെ കുറച്ച് ഭാഗം കോൺക്രീറ്റ് ചെയ്തിരുന്നു. എന്നാൽ എല്ലാ ഭാഗത്തും കോൺക്രീറ്റ് ചെയ്താലേ റോഡിന്റെ ദുരവസ്ഥയ്ക്ക് പരിഹാരം കാണാൻ കഴിയൂ.

തോളൂർ മേലേച്ചിറ ഭാഗത്തുള്ളവർക്ക് എളുപ്പത്തിൽ ആര്യനാട് ജംഗ്ഷനിൽ എത്തുന്നതിനും എളുപ്പ വഴിയാണിത്.റോഡിൽ ഇപ്പോൾ ഒരു വാഹനത്തിന് കടന്നുപോകാൻ മാത്രമേ സൗകര്യമുള്ളൂ.ടാറിംഗിന് പുറമേ ഈ റോഡിന്റെ വീതികൂടി കൂട്ടാൻ അധികൃതർ തയ്യാറാകണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.